കൊണ്ടോട്ടി- ഭാര്യയെയും മക്കളെയും വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ കൊലപാതക കേസിലെ പ്രതിയെ ഒന്‍പത് വര്‍ഷമായിട്ടും കണ്ടെത്താനായില്ല. അരീക്കോട് വാവൂര്‍ സ്വദേശി മുഹമ്മദ് ഷരീഫാണ് ജാമ്യത്തിലിറങ്ങി മുങ്ങിയത്.
2013 ജൂലൈ 22ന് ഒരും റമദാന്‍ കാലത്താണ് അരീക്കോട് ആലുക്കലിലെ വെള്ളക്കെട്ടില്‍ ഭാര്യയെയും മക്കളെയും മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷരീഫ്. ഷരീഫിന്റെ ഭാര്യ സാബിറ, അഞ്ചു വയസുകാരി ഫാത്തിമ ഫിദ, ഒന്നര വയസ്സുകാരി ഫാത്തിമ ഹൈഫ എന്നിവരെയാണ് വെള്ളത്തില്‍ മുക്കി കൊന്നത്. വെള്ളക്കെട്ടില്‍ ബൈക്ക് മറിഞ്ഞുള്ള അപകടമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് പിന്നീട് പോലീസ് കൊലപാതകമാണന്ന് തെളിയിച്ചത്.
തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ഷരീഫ് പിന്നീട് ഒളിവില്‍ പോയി. ഒന്‍പത് വര്‍ഷമായിട്ടും ഇയാളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. പ്രതിയെ കണ്ടെത്താന്‍ പോലിസ് കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ രാഷ്ടീയ സാമ്പത്തിക സ്വാധീനമാണ് പ്രതിക്ക് സംരക്ഷണം ഒരുക്കുന്നതെന്നും യുവതിയുടെ കുടംബം ആരോപിക്കുന്നു. ഷരീഫിനെ പല സ്ഥലങ്ങളിലും കണ്ടതായി പറയപ്പെടുന്നുണ്ടങ്കിലും വ്യക്തമായ സൂചന ഇതുവരെ ലഭിച്ചിട്ടില്ല.
കുട്ടികള്‍ക്കും ഭാര്യക്കും പെരുന്നാള്‍ വസ്ത്രം വാങ്ങി വരും വഴിയാണ് പ്രതി കൊലപാതകം നടത്തിയത്. സ്‌കൂട്ടര്‍ മറിഞ്ഞ് അപകടമുണ്ടായെന്ന് പറഞ്ഞ പ്രതി ഭാര്യയേയും മക്കളേയും സ്‌കൂട്ടര്‍ അപകടമുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നു.






