കറുത്ത പെണ്‍കുട്ടിയെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നു; സുവ്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കൊല്ലം- കിഴക്കേക്കല്ലടയില്‍ സുവ്യ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കറുത്ത പെണ്‍കുട്ടിയാണ് സുവ്യ എന്ന് പറഞ്ഞത് ഭര്‍തൃമാതാവ് വിജയമ്മ എപ്പോഴും മാനസികമായി പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവ് അജയകുമാറും സുവ്യയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി സുവ്യയുടെ മാതൃസഹോദരി പറയുന്നു.
ആദ്യം തൊട്ടേ കറുത്ത കുട്ടിയാണ് കൊണ്ടുക്കളയടാ എന്ന് അജയകുമാറിനോട് വിജയമ്മ പറയുമായിരുന്നു. ചെവിക്കല്ല് പൊട്ടുന്ന തരത്തില്‍ അജയകുമാര്‍ അടിക്കാറുണ്ടായിരുന്നുവെന്ന് പലപ്പോഴും സുവ്യ വിളിക്കുമ്പോള്‍ പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. മുത്തശ്ശി അമ്മയെ അസഭ്യം പറയുകയും വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും തൊഴിലുറപ്പ് ജോലിക്ക് നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടെന്ന് സുവ്യയുടെ ആറ് വയസുകാരനായ മകന്‍ പോലീസിന് മൊഴി നല്‍കി.
കഴിഞ്ഞ 9 ന് ആയിരുന്നു എഴുകോണ്‍ സ്വദേശിനിയായ സുവ്യ(34) യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇതിന് മുമ്പായി ഭര്‍തൃമാതാവ് സുവ്യയെ വഴക്ക് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ മുറിയില്‍ കയറി വാതിലടച്ച സുവ്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് താന്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് ബന്ധുക്കള്‍ക്ക് സുവ്യ ഓഡിയോ സന്ദേശവും അയച്ചിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സുവ്യയുടെ ഭര്‍തൃമാതാവിനെയും ഭര്‍ത്താവിനെയും പോലിസ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് പോലീസിന് നിയമസഹായം ലഭിച്ചെന്നാണ് അറിയുന്നത്.

 

Latest News