അല്‍-അഖ്സ പള്ളിയില്‍ ഇസ്രയേലി പോലീസും പലസ്തീനികളും തമ്മില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

ജറൂസലം- ജറൂസലമിലെ അല്‍-അഖ്സ പള്ളിയില്‍ ഇസ്രയേലി പോലീസും പലസ്തീനികളും തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. 67 പലസ്തീനികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സംഘര്‍ഷത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമില്ല.

വെള്ളിയാഴ്ച രാവിലെ നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ സമയം പോലീസ് ബലം പ്രയോഗിച്ച് പള്ളിക്കുള്ളിലേക്ക് കടക്കുകയായിരുന്നുവെന്ന് അല്‍-അഖ്സ പള്ളി അധികൃതര്‍ പറഞ്ഞു. പോലീസിന് നേരെ പലസ്തീനികള്‍ കല്ലെറിയുന്നതിന്റേയും തിരിച്ച് പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റ 59 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് അറിയിച്ചു. പോലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചതിനെതുടര്‍ന്ന് കാവല്‍ക്കാരിലൊരാളുടെ കണ്ണിന് പരിക്കേറ്റതായി പള്ളി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

 

Latest News