അമ്മയിലും വിഷുക്കൈനീട്ടം നല്കും; ഭയപ്പെടുന്നവരോട് പോയി ചാകാമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം- അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് (അമ്മ)യിലും വിഷുക്കൈനീട്ടം നല്കുമെന്ന് സുരേഷ് ഗോപി. മെയ് ഒന്നാം തിയ്യതി നടക്കുന്ന അമ്മ അസോസിയേഷന്റെ വനിതാ സംഗമത്തിലാണ് താന്‍ കൈനീട്ടം നല്കുകയെന്നും ആരെയെങ്കിലും ഇത് ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ അവറ്റകളോട് പോയി ചാകാന്‍ പറയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരാഴ്ചക്കാലം കൂടി കൈനീട്ടവിതരണം തുടരുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഉത്തരേന്ത്യന്‍ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൈനീട്ടം നല്‍കുന്നതില്‍ തന്റേതായി പ്രത്യേകം ഓപ്പറേഷന്‍ ഒന്നും ഇല്ല. കാലാകാലങ്ങളായി ചെയ്തുവരുന്ന ആചാരമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. താനിത് ദൈവികമായി ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കഴിഞ്ഞ വര്‍ഷവും വിഷു കൈനീട്ടം നല്‍കിയിരുന്നെന്നും ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി നേരെ തൃശൂരിലേക്കാണ് വന്നതെന്നും വിഷുവാരം ആഘോഷിക്കാം എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാം എന്ന് തീരുമാനിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയപ്പോള്‍ തന്റെ ലെറ്റര്‍ ഹെഡില്‍ അപേക്ഷ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും തുടര്‍ന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ് കൈനീട്ടത്തിനായി മാറ്റിവെച്ചുവെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
വിഷുക്കൈനീട്ടം നല്കിയവര്‍ കാല്‍ പിടിക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണ് സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം വിവാദമായത്.

 

Latest News