സ്ത്രീകളെ തൊട്ടും തലോടിയും ഡോക്ടര്‍, ഇന്ത്യയില്‍വെച്ച് പഠിച്ച പരിശോധനകളെന്ന് വാദം

ലണ്ടന്‍- സ്‌കോട്ട്‌ലന്‍ഡില്‍ 48 സ്ത്രീ രോഗികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
സ്‌കോട്ട്‌ലന്‍ഡില്‍ പ്രാക്ടീസ് ചെയ്യുന്ന 72 കാരനായ കൃഷ്ണ സിംഗാണ് കുറ്റക്കാരന്‍. 35 വര്‍ഷത്തിനിടെ 48 സ്ത്രീ രോഗികളോട് ഇയാള്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ജനറല്‍ പ്രാക്ടീഷണറായ (ജിപി) ഇയാള്‍ രോഗികളെ ചുംബിക്കുകയും അവരുടെ ശരീരത്തില്‍ തടവുകയും അനുചിതമായ പരിശോധനകള്‍ നടത്തുകയുമാണ് ചെയ്തിരുന്നത്. സ്ത്രീകളോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാള്‍ കുറ്റങ്ങളെല്ലാം നിഷേധിച്ചു.
രോഗികള്‍ തെറ്റിദ്ധരിച്ചതാണെന്നും  ഇന്ത്യയിലെ മെഡിക്കല്‍ പരിശീലന വേളയില്‍ പഠിച്ച പരിശോധനകളാണ് താന്‍ നടത്തിയതെന്നും  ഡോക്ടര്‍ വാദമുന്നയിച്ചു.
1983 ഫെബ്രുവരി മുതല്‍ 2018 മെയ് വരെയുള്ള കാലയളവില്‍ കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നോര്‍ത്ത് ലനാര്‍ക്ക്‌ഷെയറില്‍ ഡോക്ടറായിരുന്നപ്പോഴാണ് ഭൂരിഭാഗം കുറ്റങ്ങളും.   ആശുപത്രി അത്യാഹിത വിഭാഗത്തിലും പോലീസ് സ്‌റ്റേഷനിലും   രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോഴും ഇയാള്‍ ലൈംഗിക അതിക്രമം നടത്തി.
സ്ത്രീകളെ ഉപദ്രവിക്കുക പ്രതിയുടെ പതിവായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ആഞ്ചല ഗ്രേ കോടതിയില്‍ പറഞ്ഞു.
ലൈംഗികാതിക്രമം പ്രതിയുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിരുന്നു. തെളിഞ്ഞും മറഞ്ഞുമാണ് കുറ്റകൃത്യങ്ങള്‍ നടത്തിയത്.
മെഡിക്കല്‍ സേവനങ്ങളിലെ സംഭാവനകള്‍ക്ക് റോയല്‍ മെമ്പര്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ (എം.ബി.ഇ)  ബഹുമതി പോലും നല്‍കപ്പെട്ട ഇയാളെ സമൂഹം ആദരവോടെയാണ് കണ്ടിരുന്നതെന്നും അവര്‍ പറഞ്ഞു.

 

Latest News