Sorry, you need to enable JavaScript to visit this website.

ഖാര്‍ഗോണ്‍ സംഭവത്തില്‍ ഭൂരിപക്ഷത്തിന്റേത് കുറ്റകരമായ നിശബ്ദത-മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍- മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ സംഭവത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ഭൂരിപക്ഷ സമുദായത്തിന്റെ നിശബ്ദത കുറ്റകരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഖാര്‍ഗോണിലെ രാമനവമി അക്രമത്തില്‍ ഡസന്‍ കണക്കിന് വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കപ്പെട്ട പശ്ചാത്തലത്തിലാണ് മെഹ്്ബൂബയുടെ വിമര്‍ശം. രാമനവമി ഘോഷയാത്രക്കെതിരായ ആക്രമണത്തില്‍ ഉള്‍പ്പെട്ട അക്രമികളുടെ അനധികൃത കെട്ടിടങ്ങളെന്ന് ആരോപിച്ച് ജില്ലാ ഭരണകൂടവും പോലീസും നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. ശിവരാജ് സിംഗ് സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്ന ബുള്‍ഡോസര്‍  ഇപ്പോള്‍ ന്യൂനപക്ഷങ്ങളുടെ വീടുകളില്‍ എത്തിയിരിക്കയാണെന്നും മുസ്്‌ലിംകളുടെ  വീടുകളും ഉപജീവനമാര്‍ഗവും അന്തസ്സും  ഇല്ലാതാക്കുന്നതില്‍ ബി.ജെ.പി നേതാക്കള്‍ പരസ്പരം മത്സരിക്കുകയാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ കശ്മീരി മുസ്ലിംകള്‍ എന്ന നിലയില്‍ ഞങ്ങള്‍ നിശബ്ദരായ കാഴ്ചക്കാരാണെന്ന് പലപ്പോഴും ആരോപിക്കപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ കുറ്റകരമായ നിശബ്ദത ഇന്ത്യ എന്ന ആശയം തന്നെ തകര്‍ക്കുകയാണെന്ന്  മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

 

Latest News