ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്നതിൽ വളരെ സുപ്രധാനമാകാൻ പോകുന്ന ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചലനങ്ങൾ രാജ്യമെങ്ങും ആരംഭിച്ചുകഴിഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പു ഫലത്തിന്റെ അഹന്തയിലായിരുന്ന ബിജെപിക്ക് ബിഹാറിൽ നിന്നും യുപിയിൽ നിന്നും ഏറ്റ കനത്ത തിരിച്ചടി പ്രതിപക്ഷത്തിന് നൽകിയ ഊർജ്ജം ചെറുതല്ല. വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും ചലനങ്ങൾക്കും വരുംദിവസങ്ങൾ സാക്ഷ്യം വഹിക്കുമെന്നുറപ്പ്. എന്നാൽ നിർഭാഗ്യവശാൽ രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഹങ്കരിക്കുന്ന കേരളത്തിൽ മാത്രം വലിയ ചലനങ്ങളൊന്നുമില്ല. രാഷ്ട്രീയത്തിലെ നമ്മുടെ മുരടിപ്പ് അനന്തമായി തുടരുകയാണ്.
1957 ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്കു ശേഷം രൂപം കൊണ്ട ഐക്യമുന്നണി സംവിധാനമാണ് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇവിടെ തുടരുന്നത്. ചില പാർട്ടികൾ അങ്ങോട്ടുമിങ്ങോട്ടും മാറുന്നുണ്ടെങ്കിലും സിപിഎമ്മും കോൺഗ്രസ്സും നേതൃത്വം നൽകുന്ന മുന്നണികൾ തന്നെയാണ് അര നൂറ്റാണ്ടിനു ശേഷവും തുടരുന്നത്. സിപിഐ കുറെ കാലം കോൺഗ്രസിനൊപ്പമായിരുന്നു, കോൺഗ്രസിലെ ഒരു ഭാഗം കുറച്ചുകാലം സിപിഎമ്മിനൊപ്പമായിരുന്നു എന്നതു മാത്രമാണ് എടുത്തു പറയത്തക്കതായി ഉള്ളത്. പിന്നെയെല്ലാം പതിവുപടി. മുന്നണി സംവിധാനം കേരളത്തിനു ഒരേസമയം ഗുണവും ദോഷവുമാണ്. ഒരേ പാർട്ടി ദശകങ്ങൾ ഭരിച്ച് ഫാസിസ്റ്റുംം ജനവിരുദ്ധരുമാകുന്ന അവസ്ഥ ഇവിടെ ഉണ്ടാകുന്നില്ല. മൂന്നാമത്തെ വലിയ പാർട്ടിയായിട്ടും ബിജെപിക്ക് സീറ്റുകൾ ലഭിക്കുന്നില്ല. അതേസമയം രാജ്യത്തെന്തു സംഭവിച്ചാലും ഒരു രാഷ്ട്രീയ ചലനവും ഇവിടെ ഉണ്ടാകുന്നില്ല എന്ന ദോഷവുമുണ്ട്. ഇപ്പോഴും അതു തന്നെയാണ് തുടരുന്നത്. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ വ്യത്യസ്തമാണ്. ശരിയായാലും തെറ്റായാലും കാലത്തോട് അവർ പ്രതികരിക്കുന്നു. പല രീതയിലുള്ള രാഷ്ട്രീയ ചലനങ്ങൾ അവിടങ്ങളിൽ നടക്കുന്നു. പ്രധാനമായും മൂന്നു തരത്തിലുള്ള ചലനങ്ങൾ അവിടങ്ങളിൽ കാണാം. അടിയന്തരാവസ്ഥയെ തുടർന്ന് രൂപീകൃതമായ ജനതാപാർട്ടിയും ഒപ്പം പല സോഷ്യലിസ്റ്റ് ലോഹ്യയിസ്റ്റ് ശക്തികളും പലയിടത്തും ശക്തമായി. അടിയന്തരാവസ്ഥയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ മിക്കവാറും സംസ്ഥാനങ്ങൾ വോട്ടു ചെയ്തപ്പോൾ കേരളം ചെയ്തതെന്താണെന്നത് നമ്മുടെ കാപട്യത്തിന്റെ മികച്ച ഉദാഹരണമാണ്. പല സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ കാലാവസ്ഥയെ ഗുണപരമായി തന്നെ മാറ്റിമറിച്ച സന്ദർഭമായിരുന്നു അത്. പിന്നീട് അത്തരമൊരു ചലനമുണ്ടായത് മണ്ഡൽ മസ്ജിദ് കാലത്തോടെയാണ്. ബിജെപിയുടെ മസ്ജിദ് രാഷ്ട്രീയത്തിനെതിരെ മണ്ഡലിനെ തുറന്നുവിട്ട വി പി സിംഗിന്റെ നടപടി രാജ്യമെങ്ങും സൃഷ്ടിച്ച ചലനങ്ങൾ നിസ്സാരമല്ല.
ഒരു വശത്ത് ഹൈന്ദവ രാഷ്ട്രീയത്തെ അത് വളർത്തിയെങ്കിലും മറുവശത്ത് ദളിത് - പിന്നോക്ക രാഷ്ട്രീയവും ശക്തിപ്പെട്ടു. ബിഹാറും യുപിയുമൊക്കെ മികച്ച ഉദാഹരണങ്ങളായി. ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയാകുന്നതു വരെയെത്തി ആ മാറ്റങ്ങൾ. അപ്പോഴും കേരളം മണ്ഡലിനോടും ദളിത് - പിന്നോക്ക രാഷ്ട്രീയത്തോടും മുഖം തിരിച്ചുനിന്നു. തുടർന്ന് രാജ്യമെങ്ങും ശക്തമായ അംബേദ്കർ രാഷ്ട്രീയത്തേയും അടുത്ത കാലം വരെ നമ്മൾ തടഞ്ഞുനിർത്തി. മറ്റു ഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി ചില മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കേരളത്തിൽ രൂപം കൊണ്ടെങ്കിലും അവക്കും മുന്നണി സംവിധാനത്തെ ഭേദിക്കാനായില്ല. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ശക്തിയാർജ്ജിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിനു കാര്യമായി ആധിപത്യം ചെലുത്താനായില്ല എന്നതു മാത്രമാണ് അൽപം ആശ്വാസം.
ഇക്കാലയളവിൽ തന്നെ മിക്ക സംസ്ഥാനങ്ങളിലും അതാതിടത്തെ സാഹചര്യങ്ങൾക്കനുസൃതമായി പ്രാദേശിക പ്രസ്ഥാനങ്ങളും ശക്തമായി. അവയിൽ മിക്കവാറും ഫെഡറലിസത്തിനു വേണ്ടി നില കൊണ്ടപ്പോൾ നമ്മൾ അഖണ്ഡതയുടെ വക്താക്കളായി. പ്രാദേശിക പാർട്ടികൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന നിലപാടു തന്നെ തെറ്റാണ്. ഭരണ ഘടനാനുസൃതമായി പ്രവർത്തിക്കുന്ന ഈ പാർട്ടികൾ സ്വന്തം നാടിനു വേണ്ടി ശബ്ദിക്കുമ്പോഴും രാജ്യം നേരിടുന്ന പൊതുപ്രശ്നങ്ങളിൽ ദേശീയതല നിലപാടുകൾ തന്നെയാണ് സ്വീകരിക്കുന്നത്. അതാണ് യഥാർത്ഥ ജനാധിപത്യം. എത്രമാത്രം ഫെഡറൽ ആകാൻ കഴിയുമോ അത്രയും ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. തമിഴ്‌നാട്ടിലും പഞ്ചാബിലുമെല്ലാം പണ്ടു മുതലേ അത്തരം പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആന്ധ്ര, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലേക്കും ഈ പ്രതിഭാസം വ്യാപിച്ചു. എസ് പിയും ബി എസ് പിയും ആർ ജെ ഡിയുമെല്ലാം ഫലത്തിൽ പ്രാദേശിക പാർട്ടികൾ തന്നെ. കേരളത്തിൽ സിപിഎമ്മും സത്യത്തിൽ പ്രാദേശിക പാർട്ടിയാണ്. അവരത് അംഗീകരിക്കുന്നില്ല എന്നു മാത്രം. പ്രാദേശിക പാർട്ടിയെന്ന അവകാശ വാദത്തിൽ രൂപം കൊണ്ട കേരള കോൺഗ്രസാകട്ടെ മതപാർട്ടിയുമായി. അങ്ങനെ എല്ലാതരം രാഷ്ട്രീയ മാറ്റങ്ങളിൽ നിന്നും നമ്മൾ അന്യരായി. മാത്രമല്ല, ഏതുവിഷയത്തേയും മുന്നണി - കക്ഷി രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ മാത്രം വിലയിരുത്തുന്ന അവസ്ഥയിലേക്ക് മലയാളി മാറി. നാടിന്റെ വികസനത്തെ പോലും അത് പ്രതികൂലമായി ബാധിച്ചു. ഒപ്പം കക്ഷിരാഷ്ട്രീയ സംഘട്ടനങ്ങളുടെ വിളനിലമായും കേരളം മാറി.
പുതിയ രാഷ്ട്രീയ സാഹചര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ബി ജെ പിക്ക് ലോക്‌സഭയിലേക്ക് കാര്യമായ സീറ്റു ലഭിക്കാതെ തടയാൻ ഈ സംവിധാനത്തിനു കഴിഞ്ഞേക്കാം. എന്നാൽ അതു മാത്രം മതിയോ? ഗുണപരമായും നമ്മുടെ രാഷ്ട്രീയം മെച്ചപ്പെടണം. അത്തരം മാറ്റങ്ങളാണ് പല സംസ്ഥാനങ്ങളിലും നടക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും യുപിയിലും ബിഹാറിലും ബംഗാളിലും രാജസ്ഥാനിലും പഞ്ചാബിലും ഗുജറാത്തിലും ദൽഹിയിലുമെല്ലാം ഈ മാറ്റങ്ങൾ പ്രകടമാണ്.
സംഘ്പരിവാർ സ്വപ്‌നങ്ങൾക്ക് ഇവർ വെല്ലുവിളിയുയർത്തുന്നു എന്നത് മാത്രമല്ല പ്രധാനം. രാഷ്ട്രീയവും കൂടുതൽ ജനാധിപത്യപരവും സാമൂഹ്യ നീതി എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമാകുന്നതുമായ പ്രവണത ശക്തമാകുന്നുണ്ട്. അംബേദ്കറുടെ മുദ്രാവാക്യങ്ങളുടെ കരുത്ത് വർധിക്കുന്നു എന്നത് തന്നെയാണ് ഈ മുന്നേറ്റങ്ങളിലെല്ലാം അടിയൊഴുക്കായി വർത്തിക്കുന്നത്. തീർച്ചയായും പ്രതീക്ഷക്ക് വക നൽകുന്ന ചലനങ്ങളാണിത്. നിർഭാഗ്യവശാൽ നമ്മൾ ഇപ്പോഴും ഇടതുകാലിലെ ചെളി വലതുകാലിലേക്കും വലതുകാലിലേത് ഇടതുകാലിലേക്കും തട്ടിക്കളിക്കുകയാണെന്ന് മാത്രം.






