വൃദ്ധനെ കബളിപ്പിച്ച് ഫോണ്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍

കോഴിക്കോട്- വൃദ്ധന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി പോലീസ് പിടിയില്‍. മുഹമ്മദ് ഡാനിഷ് (20) ആണ്  വെള്ളയില്‍ പോലീസിന്റെ പിടിയിലായത്.
ശ്രവണ സഹായി വാങ്ങിക്കുന്നതിനായി കോഴിക്കോട് നഗരത്തിലെത്തിയതായിരുന്നു ഓമശ്ശേരി സ്വദേശിയായ വൃദ്ധന്‍.  ഷോപ്പ് കാണിക്കാമെന്ന് പറഞ്ഞ്  കോഴിക്കോട് പി ടി ഉഷ റോഡില്‍ നാലാം ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്   മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
വൃദ്ധന്റ  പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരവെയാണ്  പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കോഴിക്കോട്ടെ  ഒരു കടയില്‍ വിറ്റ് കിട്ടിയ പണവുമായി ഗോവയിലേക്ക് കടന്ന പ്രതി പണം  ധൂര്‍ത്തടിച്ച ശേഷം  തിരിച്ചു നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനില്‍ നിന്ന് 32,000 രൂപയുടെ മറ്റൊരു മൊബൈല്‍ മോഷ്ടിച്ച് കോഴിക്കോട്ടെ മറ്റൊരു കടയില്‍ വിറ്റതായും പോലീസ് പറഞ്ഞു.

രണ്ട് ഫോണും പിടിച്ചെടുത്ത പോലീസ് ട്രെയിനില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച കുറ്റത്തിന് പ്രതിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി4 ല്‍  ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ് ചെയ്തു.

 

Latest News