പാരിസ് - തെക്കൻ ഫ്രാൻസിലെ ഹെബ്‌സ് നഗരത്തിലെ സുപ്പർമാർക്കറ്റിൽ കയറി ഭീകരൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സുപ്പർമാർക്കറ്റിലുള്ളവരെ ബന്ദിയാക്കാൻ ശ്രമിച്ച ആക്രമി തനിക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ളതായി അവകാശപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. സൂപ്പർ മാർക്കറ്റിനുള്ളിൽ കുടുങ്ങിയ ജീവനക്കാരും ഉപഭോക്താക്കളും ഓടി രക്ഷപ്പെട്ടു. ഏതാനും പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനും ആക്രമിയെ കീഴ്‌പ്പെടുത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശം ഫ്രഞ്ച് സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. എല്ലാ വഴികളും അടച്ചു തൊട്ടടുത്ത സ്ഥാപനങ്ങളും അടപ്പിച്ചാണ് രക്ഷാ പ്രവർത്തനം.
വെള്ളിയാഴ്ച രാവിലെ 11.15ഓടെയാണ് സുപ്പർമാർക്കറ്റിൽ കയറിയ തോക്കുധാരി ആക്രമണമഴിച്ചു വിട്ടത്. ഇതിനു തൊട്ടു മുമ്പ് തൊട്ടടുത്ത കെസ്‌കസോ നഗരത്തിൽ നടന്നു പോകുകയായിരുന്ന ഒരു പോലീസുകാരനും വെടിയേറ്റിയിരുന്നു. ഈ രണ്ടു സംഭവങ്ങൾക്കും പരസ്പര ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
സൂപ്പർമാർക്കറ്റിലേത് ഭീകരാക്രമണാണെന്ന് പോലീസ് പറഞ്ഞു. 30 വയസ് പ്രായം തോന്നിക്കുന്നയാളാണ് ആക്രമി. ഇയാൾ ഒറ്റക്കാണെന്നും കയ്യിൽ ഗ്രനേഡുകളും മറ്റു ആയുധങ്ങളും ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സിറിയക്ക് പകരം ചോദിക്കുന്നുവെന്ന് പറഞ്ഞാണ് ഇയാൾ ആക്രമണം അഴിച്ചുവിട്ടതെന്നും അധികൃതർ പറയുന്നു. ഇദ്ദേഹം മൊറോക്കൻ പൗരനാണെന്ന് സംശയിക്കുന്നതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.






