ചിത്രദുര്‍ഗ- കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ബാധ ഒഴിപ്പിക്കുന്നതിനിടെ മൂന്ന് വയസുകാരിയെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ മന്ത്രവാദിക്കും സഹോദരനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. മന്ത്രവാദി രാകേഷും സഹോദരന്‍ പുരുഷോത്തമും ചേര്‍ന്ന് ബംഗ്ലൂരില്‍നിന്ന് ് 250 കിലോമീറ്റര്‍ അകലെയുള്ള അജ്ജി ക്യാതനഹള്ളിയില്‍ ബാധ ഒഴിപ്പിക്കുന്നതിനിടെ പ്രവീണിന്റെയും ബേബിയുടെയും മൂത്ത കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
പൂര്‍വിക എന്ന പെണ്‍കുട്ടിക്ക് രാത്രികാലങ്ങളില്‍ അനുഭവപ്പെടുന്ന ഭയം, ഉറക്കത്തില്‍ ഉച്ചത്തിലുള്ള നിലവിളി, കരച്ചില്‍ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ രാകേഷിന്റെ അടുത്തേക്ക് കൊണ്ടുപോയത്. പെണ്‍കുട്ടിയെ ദുരാത്മാക്കള്‍ വലഞ്ഞിരുന്നുവെന്നും അവരെ പുറന്തള്ളുമെന്നും രാകേഷ് മാതാപിതാക്കളോട് പറഞ്ഞു.
തുടര്‍ന്ന് രാകേഷും പുരുഷോത്തമും ചേര്‍ന്ന് കുട്ടിയെ വടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൂര്‍വിക ഒരു മണിക്കൂറോളം വേദന കൊണ്ട് പുളഞ്ഞപ്പോള്‍ രാകേഷ് മകളുടെ ശരീരത്തില്‍ നിന്ന് ദുരാത്മാക്കളെ പുറത്താക്കുകയാണെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ പുറത്തിരുന്നു. പൂര്‍വിക മരിച്ചുവെന്ന് മനസ്സിലായതോടെ അവള്‍ക്ക് ഉടന്‍ ബോധം വരുമെന്നും രാകേഷ് മാതാപിതാക്കളെ വിശ്വസിപ്പിച്ചു.
വീട്ടിലെത്തിയ പൂര്‍വികയ്ക്ക് ബോധം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മന്ത്രവാദിയും സഹോദരനും അപ്പോഴേക്കും ദാവന്‍ഗെരെ ജില്ലയിലേക്ക് രക്ഷപ്പെട്ടിരുന്നു. അവിടെനിന്നാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.






