ന്യൂയോര്‍ക്ക്- അമേരക്കയില്‍ ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനില്‍ നടന്ന വെടിവെയ്പിലെ പ്രതിയെ പിടികൂടാന്‍ ന്യൂയോര്‍ക്ക് പോലീസിനെ സഹായിച്ചത് സാക്ക് തഹാന്‍ എന്ന സിറിയന്‍ കുടിയേറ്റക്കാരന്‍.
മാന്‍ഹട്ടനിലെ ഈസ്റ്റ് വില്ലേജിലെ സെന്റ് മാര്‍ക്‌സ് പ്ലേസിനും ഫസ്റ്റ് അവന്യൂവിനും സമീപത്തെ ഒരു കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായി പ്രവര്‍ത്തിക്കുന്ന സാക്ക് തഹാന് തോന്നിയ സംശയമാണ് വെടിവെയ്പ് നടത്തിയ ഫ്രാങ്ക് ജെയിംസിനെ പിടികൂടാന്‍ സഹായിച്ചത്.
ന്യൂയോര്‍ക്ക് സിറ്റി സബ്‌വേ കാറിനുള്ളില്‍ സ്‌മോക്ക് ബോംബ് വെക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന സംശയത്തിലാണ് ജെയിംസ് അറസ്റ്റിലായത്. ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനില്‍ രാവിലെ യാത്രക്കാരുടെ തിരക്കിലാണ് പെട്ടെന്ന് ആക്രമണം നടന്നത്. സംഭവത്തിന് ശേഷം 30 മണിക്കൂറിനകമാണ് ജെയിംസ് പിടിയിലായത്.
ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിലാഡല്‍ഫിയയിലും മില്‍വാക്കിയിലും വിലാസങ്ങളുള്ള ബ്രോങ്ക്‌സ് സ്വദേശിയായ ജയിംസ് ന്യൂയോര്‍ക്കില്‍ ഒന്‍പത് തവണയും ന്യൂജേഴ്‌സിയില്‍ മൂന്നു തവണയും നേരത്തെ അറസ്റ്റിലായിട്ടുണ്ട്.