വാട്സാപ്പിലെ ഉപയോക്താക്കളുടെ പ്രൊഫൈൽ യു.ആർ.എൽ വഴി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാൻ അവസരമൊരുങ്ങുന്നു.
ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ് ഇതിനായുള്ള ബീറ്റാ അപ്ഡേറ്റ് നൽകിത്തുടങ്ങിയതായി വാട്സാപ്പിലെ പുതുമകൾ മുൻകൂട്ടി അറിയിക്കുന്ന വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു.
ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് പുതിയ ബീറ്റ അപ്ഡേറ്റ് ലഭിച്ചു തുടങ്ങിയത്. വാട്സാപ്പിന്റെ 2.22.9.8 അപ്ഡേറ്റ് പതിപ്പിലാണ് ഷെയർ പ്രൊഫൈൽ ബട്ടൺ ഉൾപ്പെടുത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യാൻ കഴിയുന്ന പ്രൊഫൈൽ കോഡിന്റെ ക്യൂ.ആർ കോഡ് നിർമിക്കാൻ നിലവിൽ വാട്സാപ്പിൽ സൗകര്യമുണ്ട്. ഉപയോക്താക്കളുടെ ഫോൺ നമ്പർ ഇല്ലാതെ തന്നെ എളുപ്പത്തിൽ ബന്ധപ്പെടാൻ ഇത് അനുവദിക്കുന്നു. ക്യൂ.ആർ കോഡ് എങ്ങനെ സ്കാൻ ചെയ്യണമെന്ന് പല ഉപയോക്താക്കൾക്കും അറിയാത്തതിനാൽ ഈ ഫീച്ചർ ജനപ്രിയമായിരുന്നില്ല. പുതിയ ഷെയർ പ്രൊഫൈൽ ബട്ടൺ ഉപയോഗിച്ച് ഒറ്റ ടാപ്പിലൂടെ ലിങ്ക് നിർമിക്കാൻ കഴിയും. ഇതുവഴി മറ്റു ഉപയോക്താക്കളെ നിങ്ങളുമായി ചാറ്റ് ചെയ്യാൻ അനുവദിക്കാം.
പുതിയ ഫീച്ചർ വാട്ട്സാപ് ബിസിനസ് അക്കൗണ്ടുകളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കാമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. സെറ്റിംഗ്സ് ടാബിന് കീഴിൽ പ്രൊഫൈൽ ചിത്രത്തിന് അടുത്തായിരിക്കും പുതിയ ബട്ടൺ ലഭ്യമാകുക. ചെറിയ ലിങ്ക് വഴി പ്രൊഫൈൽ ഷെയർ ചെയ്യുമ്പോൾ നിങ്ങളുടെ പ്രൊഫൈലിന്റെ ഭാഗമായതിനാൽ മറ്റ് ഉപയോക്താക്കൾക്ക് തുടർന്നും ഫോൺ നമ്പർ ലഭിക്കുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും വാട്സാപ് വെളിപ്പെടുത്തിയിട്ടില്ല. ഫീച്ചറിനെ കുറിച്ച് ബീറ്റ അപ്ഡേറ്റിൽ കണ്ടെത്തിയെങ്കിലും എപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും അറിവായിട്ടില്ല.
യു.ആർ.എൽ ഷെയർ ബട്ടണു പുറമെ, വേഗത്തിൽ ബിസിനസ് ഓർഡറുകൾ സൃഷ്ടിക്കാൻ അനുവദിക്കുന്ന മറ്റൊരു ചാറ്റ് ഷോർട്ട്കട്ടും വാട്സാപ് പുറത്തിറക്കുന്നുണ്ട്. ആൻഡ്രോയിഡിനായുള്ള ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റിലും ഇതു സംബന്ധിച്ച സൂചനകളുണ്ട്.
-






