Sorry, you need to enable JavaScript to visit this website.

ഈശ്വരപ്പക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ നിലപാട്; രാജി തീരുമാനം റിപ്പോര്‍ട്ട് ലഭിച്ച ശേഷം

ന്യൂദല്‍ഹി- കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍  ഗ്രാമവികസന,പഞ്ചായത്ത് രാജ് മന്ത്രി കെ.എസ് ഈശ്വരപ്പയുടെ രാജി ആവശ്യത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടിന് ശേഷം മാത്രമേ തീരുമാനമെടുക്കൂയെന്ന്  കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മേ പറഞ്ഞു. മന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഈശ്വരപ്പക്ക് ആശ്വാസം നല്‍കുന്ന മുഖ്യമന്ത്രിയുടെ നിലപാട്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ബൊമ്മെ പറഞ്ഞു.

മന്ത്രി ഈശ്വരപ്പയെ പുറത്താക്കി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

കേസ് സമഗ്രമായി അന്വേഷിക്കുമെന്നും സത്യം പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെങ്കിലും അവര്‍ ഇടപെടില്ല. അന്വേഷണ പുരോഗതി താന്‍ തന്നെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കില്ല. എല്ലാ സര്‍ക്കാര്‍ കരാറുകളിലും ബി.ജെ.പി നേതാക്കള്‍ 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്ന് ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനെ അദ്ദേഹം വെല്ലുവിളിച്ചു.

തന്റെ മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് എഴുതിവെച്ചാണ് കൈക്കൂലിയും കമ്മീഷനും നല്‍കി മടുത്ത കരാറാറുകാരനും ഹിന്ദു യുവവാഹിനി നേതാവുമായ പാട്ടീല്‍ ആത്മഹത്യ ചെയ്തത്.

 

Latest News