ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19-ന് ദല്‍ഹിയില്‍ നടന്ന ധര്‍മസന്‍സദില്‍ വിദ്വേഷ പ്രസംഗം ഉണ്ടായിട്ടില്ലെന്ന് ദല്‍ഹി പോലീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
2021 ഡിസംബറില്‍ ഹരിദ്വാറില്‍ നടന്ന ധര്‍മസന്‍സദില്‍ നടത്തിയ പ്രസംഗങ്ങളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദല്‍ഹി പോലീസിന്റെ സത്യവാങ്മൂലം.
ദല്‍ഹി ധര്‍മസന്‍സദിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തിയെന്നും വിദ്വേഷ പ്രസംഗത്തിന്റെ ഒരു ഉദാഹരണവും കണ്ടെത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മതത്തിന്റെ സവിശേഷതകള്‍ ചര്‍ച്ച ചെയ്തതായി പോലീസ് കണ്ടെത്തിയെങ്കിലും വിദ്വേഷ പ്രസംഗത്തിന്റെ തെളിവുകളൊന്നും ലഭിച്ചില്ല.
സാമുദായിക വിദ്വേഷം ഉണ്ടാക്കുന്നവരുമായി പോലീസ് കൈകോര്‍ക്കുകയാണെന്ന് ഹരജിക്കാര്‍ ആരോപിച്ചു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി, പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകയുമായ അഞ്ജന പ്രകാശ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസ് അന്വേഷിക്കാന്‍ സ്വതന്ത്ര പപ്രത്യേക അന്വേഷണ സംഘം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
2021 ഡിസംബറില്‍ ഗോവിന്ദ്പുരി മെട്രോ സ്‌റ്റേഷനു സമീപം ഹിന്ദു യുവവാഹിനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്വേഷ പ്രസംഗങ്ങളിലൂടെ ആളുകളുടെ വികാരം ഇളക്കിവിട്ടുവെന്നും പ്രസംഗങ്ങള്‍ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും ഹരജിക്കാര്‍ പറയുന്നു.
മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോട് സഹിഷ്ണുത പാലിക്കണമെന്നും അസഹിഷ്ണുത വ്യക്തിയെപ്പോലെ തന്നെ ജനാധിപത്യത്തിനും അപകടകരമാണെന്നും പോലീസ് സത്യാവങ്മൂലത്തില്‍ പറഞ്ഞു. പ്രധാന വിഷയവും അതിലെ സന്ദേശവും അവഗണിച്ച് ഒറ്റപ്പെട്ട ഭാഗങ്ങള്‍ വ്യാഖ്യാനിക്കാനും തെറ്റായ അനുമാനത്തിലെത്താനുമാണ് ഹരജിയില്‍ ശ്രമിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഹരജിയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ഉചിതമായ പ്രതികരണം കോടതി മുമ്പാകെ സമര്‍പ്പിക്കുമെന്നും ഹരജിക്കാരനായ ഖുര്‍ബാന്‍ അലി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.






