ഭാവി നശിപ്പിക്കുന്നത് തടയാൻ താങ്കൾക്ക് ഇനിയും അവസരമുണ്ട്; കർണാടക മുഖ്യമന്ത്രിക്ക് 17കാരിയുടെ ട്വീറ്റ്

ബംഗളൂരു- തങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാൻ ഇനിയും അവസരമുണ്ടെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് കർണാടക ഹിജാബ് നിരോധനത്തിനെതിരായ പോരാട്ടത്തിലെ മുൻനിരക്കാരിയായ 17കാരി. സംസ്ഥാനതല കരാട്ടെ ചാമ്പ്യൻ കൂടിയായ ആലിയ അസ്സദിയാണ് മുഖ്യമന്ത്രിയോട് തന്റെ അഭ്യർഥന നടത്തിയത്.

ഈ മാസം അവസാനത്തോടെ നടക്കുന്ന പരീക്ഷകളിൽ പങ്കെടുക്കുന്നത് ഹിജാബ് നിരോധനത്തിൽ ബുദ്ധിമുട്ടുന്ന നിരവധി വിദ്യാർഥിനികൾക്ക് പ്രയാസമാകുമെന്ന് ആലിയ വിശദമാക്കുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ ഭാവി നശിപ്പിക്കാതിരിക്കാൻ താങ്കൾക്ക് ഇനിയും അവസരമുണ്ടെന്നും ഹിജാബ് ധരിച്ച് പരീക്ഷ എഴുതാമെന്ന തീരുമാനം താങ്കൾ കൈക്കൊള്ളണമെന്നും തങ്ങൾ രാജ്യത്തിന്റെ ഭാവിയാണെന്നും ഈ അപേക്ഷ പരിഗണിക്കണമെന്നും ആലിയ അസ്സദി ട്വിറ്ററിൽ കുറിച്ചു. മുഖ്യമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സംസ്ഥാന കരാത്തെ ചാംപ്യന്റെ അഭ്യർഥന.

കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചവരിലൊരാളാണ് ആലിയ അസ്സാദി. കർണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചതിനെ തുടർന്ന് ഇവർ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നാണ് കർണാടക ഹൈക്കോടതി പറയുന്നത്. അതുകൊണ്ടുതന്നെ ഹിജാബഹ് നിർബന്ധമായും ക്ലാസ്് മുറികളിൽ ധരിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഷ്‌കർഷിച്ച ഏകീകൃത വസ്ത്രധാരണ നിയമം പാലിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ അടിയന്തിരമായി വാദം കേൾക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു.

Latest News