ലോക്പാലിനായി അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാരം തുടങ്ങി

ന്യൂദല്‍ഹി- അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് പ്രശസ്ത ഗാന്ധിയന്‍ അണ്ണാ ഹസാരെ രാംലീല മൈതാനത്ത് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. വിരമിച്ച ജഡ്ജിമാര്‍, ജനപ്രതിനിധികള്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകരും എത്തിച്ചേര്‍ന്നു.

ഏഴുവര്‍ഷം മുമ്പ് അണ്ണാ ഹസാരെ ദല്‍ഹിയില്‍ നടത്തിയ അഴിമതിവിരുദ്ധ സമരം രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു.  രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുക്കാന്‍  തയാറാണെന്നും അങ്ങനെ സംഭവിച്ചാല്‍ അത്  സൗഭാഗ്യമായി കരുതുമെന്നും ഹസാരെ പറഞ്ഞു. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമായതുകൊണ്ടാണ് സമരത്തിന് ഈ ദിവസം തിരഞ്ഞെടുത്തതെന്ന് ഹസാരെ പറഞ്ഞു.

ദല്‍ഹിയിലേക്ക് അണികളെ എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന തീവണ്ടികള്‍ സര്‍ക്കാര്‍ റദ്ദാക്കിയതായി ഹസാരെ ആരോപിച്ചു.  പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്ന് പലതവണ കത്തെഴുതി അറിയിച്ചതാണ്. നിങ്ങളുടെ പോലീസിന് എന്നെ സുരക്ഷിതമാക്കാന്‍ ആകില്ല- അദ്ദേഹം പറഞ്ഞു.

Latest News