Sorry, you need to enable JavaScript to visit this website.

വിവാഹിതരായ ഞങ്ങളൊരുമിച്ച് ജീവിച്ചോളാമെന്ന്  യുവതികള്‍, പറ്റില്ലെന്ന് ഹൈക്കോടതി 

അലഹാബാദ്-  സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന രണ്ടു യുവതികളുടെ അപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളി. ഇന്ത്യന്‍ നിയമം ഇത് അംഗീകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചുകൊണ്ടാണ് നടപടി. ഇരുപത്തിമൂന്നു വയസ്സുള്ള മകളെ ഇരുപത്തിരണ്ടുകാരിയായ യുവതി പിടിച്ചുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. രണ്ടു പേരെയും കോടതിയില്‍ എത്തിക്കണമെന്ന് നേരത്തെ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. തങ്ങള്‍ വിവാഹം കഴിച്ചതായും ഇത് അംഗീകരിക്കണമെന്നും യുവതികള്‍ കോടതിയെ അറിയിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടു വ്യക്തികള്‍ക്കു വിവാഹിതരാവാമമെന്നും സ്വവര്‍ഗ വിവാഹത്തെ നിയമം എതിര്‍ക്കുന്നില്ലെന്നും യുവതികള്‍ വാദിച്ചു. സംസ്ഥാന സര്‍്ക്കാര്‍ യുവതികളുടെ ആവശ്യത്തെ എതിര്‍ത്തു. സ്വവര്‍ഗ വിവാഹം രാജ്യത്തിന്റെ സംസ്‌കാരത്തിനും മതവിശ്വാസത്തിനും നിലവിലെ നിയമങ്ങള്‍ക്കും എതിരാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇന്ത്യയില്‍ വിവാഹം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മറ്റു രാജ്യങ്ങളിലേതു പോലെ വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടിയല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.വിവാഹത്തെ വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടി മാത്രമായി കാണാനാവില്ലെന്നും അതൊരു സ്ഥാപനമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. കോടതി ഇതില്‍ ഇടപെടുന്നത് വ്യക്തിനിയമങ്ങളെ ബാധിക്കുമെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു.

Latest News