ഷാരൂഖിന്റെ മകന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ- ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന രണ്ട് ഉദ്യോഗസ്ഥരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സസ്‌പെന്‍ഡ് ചെയ്തു.

വിശ്വ വിജയ് സിംഗ്, അശിഷ് രഞ്ജന്‍ പ്രസാദ് എന്നിവരെയാണ് എന്‍സിബിയുടെ വിജിലന്‍സ് സംഘം നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.  
ഇരുവരും ആര്യന്‍ ഖാന്‍ കേസ് അന്വേഷണ സംഘത്തിന്റെ ഭാഗമാണെങ്കിലും  സസ്‌പെന്‍ഷനു പിന്നിലെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.  

ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ക്കെതിരായ അഞ്ച് കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ വിശ്വ വിജയ് സിംഗ്, പ്രസാദ്, അന്നത്തെ സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡെ എന്നിവരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടുള്ള വിജിലന്‍സ് അന്വേഷണവും നടന്നു.

2021 ഒക്ടോബര്‍ മൂന്നിനാണ് എന്‍സിബിയുടെ റെയ്ഡിനെ തുടര്‍ന്ന്  മുംബൈയില്‍ ക്രൂയിസ് കപ്പലില്‍ വെച്ച് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.

പലതവണ ജാമ്യം നിഷേധിച്ചതിനു പിന്നാലെ  ഒക്ടോബര്‍ 28 ന് ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്.

 

Latest News