ലഖ്‌നൗ- പുരോഹിതരുടെ വികലമായ നേതൃത്വമാണ് ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയതെന്ന് യു.പി മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഇഫ്തിക്കാര്‍ അഹമ്മദ് ജാവേദ്. കര്‍ണാടകയില്‍ ഹിജാബ് വിവാദം ഇളക്കിവിട്ട മുസ്ലീം പുരോഹിതന്മാര്‍ ലക്ഷ്യമിട്ടത് സ്ത്രീകളെ നിയന്ത്രിക്കാനും മുസ്ലീം പുരുഷാധിപത്യത്തിന് വേണ്ടിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ്, ബഹുഭാര്യത്വം, ഹിജാബ് എന്നിവയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ സൃഷ്ടിച്ച് മുസ്ലീം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് മുസ്ലീം പുരോഹിതന്മാരെ ജാവേദ് കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തിന് നേതൃത്വ പ്രശ്നങ്ങളുണ്ടെന്നും പുരോഹിതന്മാര്‍ സാധാരണ നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞു. 'ചില വിഷയങ്ങളില്‍ വിവാദം സൃഷ്ടിക്കാന്‍ അവര്‍ എപ്പോഴും ആഗ്രഹിക്കുന്നു'- ജാവേദ് കൂട്ടിച്ചേര്‍ത്തു.
'ഹിജാബില്‍ വളരെ വ്യക്തമായ ഒരു ആശയമുണ്ട്. സ്ത്രീകള്‍ക്ക് വീട്ടിലും മസ്ജിദിലും ബസാറുകളിലും കല്യാണങ്ങളിലും മാര്‍ക്കറ്റുകളിലും ഇത് ധരിക്കാന്‍ അര്‍ഹതയുണ്ട്, എന്നാല്‍ സൈന്യത്തിലും ക്യാബിന്‍ ക്രൂവിലും പോലീസ് സേനയിലും ഡോക്ടര്‍മാരായും അഭിഭാഷകരായും അല്ലെങ്കില്‍ സ്‌കൂളില്‍പോലും ഇത് ധരിക്കാന്‍ അവകാശപ്പെടാന്‍ കഴിയില്ല. സ്ത്രീകളെ മുഖ്യധാരയില്‍ നിന്ന് അകറ്റാന്‍ ഹിജാബ് വിവാദം ഉപയോഗിച്ചു- ജാവേദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 25 ന് ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് മദ്രസകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത പ്രാര്‍ഥനക്കൊപ്പം ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. വിവിധ സ്‌കൂളുകളില്‍ ദേശീയ ഗാനം ആലപിക്കുന്നുണ്ട്, മദ്രസ വിദ്യാര്‍ഥികളിലും രാജ്യസ്നേഹം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അങ്ങനെ അവര്‍ക്ക് നമ്മുടെ ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാനാവുമെന്ന് ഇഫ്തിക്കാര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.