ദുരഭിമാനക്കൊല: ജാതിയുടെ പേരില്‍ അച്ഛന്‍ എതിര്‍ത്തിരുന്നുവെന്ന് വരന്‍ 

മലപ്പുറം- താഴ്ന്ന ജാതിക്കാരനായതിനാല്‍ കൊല്ലപ്പെട്ട ആതിരയുടെ അച്ഛന് പ്രണയബന്ധത്തിലും വിവാഹത്തിലും എതിര്‍പ്പുണ്ടായിരുന്നുവെന്ന് പ്രതിശ്രുത വരന്‍ ബ്രിജേഷ്. പോലീസ് ഇടപെട്ടാണ് വിവാഹം ഉറപ്പിച്ചത്. വിവാഹം ഉറപ്പിച്ചതിനുശേഷം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ആതിര തന്നോട് പറഞ്ഞിരുന്നതായും ബ്രിജേഷ് വെളിപ്പെടുത്തി. 
തനിക്ക് ഭീഷണിയുണ്ടെന്ന് പോലീസിനെ അറിയിച്ചിരുന്നുവെന്നും കൊയിലാണ്ടി സ്വദേശിയായ ബ്രിജേഷ് പറഞ്ഞു. അരീക്കോട്ട് പൂവത്തിക്കണ്ടി സ്വദേശിനി ആതിരയാണ് (22) അച്ഛന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. 
അച്ഛന്‍ കത്തിയുമായി വരുന്നതുകണ്ട് അടുത്ത വീട്ടില്‍ ഒളിച്ച ആതിരയെ വാതില്‍ ചവിട്ടി തുറന്നാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇന്നാണ് ബ്രിജേഷുമായുളള ആതിരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 

Latest News