Sorry, you need to enable JavaScript to visit this website.

യു.എസിൽ ദാരിദ്ര്യം മൂലം ചികിത്സ ലഭിക്കാതെ മധ്യവയസ്‌ക പാതി ദ്രവിച്ച ശരീരവുമായി പുഴുവരിച്ച് ദിവസങ്ങളോളം കിടന്നു

വാഷിംഗ്ടൺ- ദാരിദ്ര്യം മൂലം ചികിത്സ ലഭിക്കാതെ പാതി ദ്രവിച്ച ശരീരവുമായി പുഴുക്കളരിക്കുന്ന നിലയിൽ രോഗപീഡമൂലം അവശയായ മധ്യവയസ്‌കയെ യുഎസിലെ വടക്കൻ ജോർജിയയിലെ വീട്ടിൽ പോലീസ് കണ്ടെത്തി. ഒരു സമീപവാസിയിൽ നിന്നും ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഭർത്താവിനും മകനുമൊപ്പം കഴിയുന്ന മധ്യവയസ്‌കയെ ഞെട്ടിപ്പിക്കുന്ന അവസ്ഥയിൽ കണ്ടെത്തിയത്. മാലിന്യം കുമിഞ്ഞു കൂടിയ മുറിയിൽ പാറ്റകളും പുഴുക്കളുമരിക്കുന്ന നിലയിൽ തീരെ അവശയായ നിലയിലാണ് ട്രെസീ സോറൽസ് എന്ന സ്ത്രീയെ കണ്ടെത്തിയത്. പൊണ്ണത്തടിയും മറ്റു രോഗപീഡയും മൂലം ശരീരം അനക്കാനാവാതെ കിടന്ന കിടപ്പിൽ തന്നെയായിരുന്നു അവർ. മലവും മാലിന്യവും നിറഞ്ഞ മുറിയിൽ പ്ലാസ്റ്റിക്ക് മൂടിയ നിലയിലായിരുന്നു സ്ത്രീ കിടന്നിരുന്നത്. ഇവരുടെ കാലുകൾ കരുവാളിച്ച് ദ്രവിച്ചു തുടങ്ങിയിരുന്നുവെന്ന് ഗിനെറ്റ് കൗണ്ടി പോലീസ് പറയുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റുമ്പോൾ കാലിലെ അഴുകിയ മാംസത്തിൽ പുഴുവരിക്കുന്നത് കണ്ടെന്നും ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു. 

ഇവരോടൊപ്പം വീട്ടിലുണ്ടായിരുന്ന ഭർത്താവ് 54 കാരൻ ടെറി സോറെൽസിനേയും മകൻ 18കാരൻ ക്രിസ്റ്റ്യനേയും പോലീസ് പ്രായമായവരെയും രോഗിയേയും അവഗണിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസിൽ കൊടുംപാതകമാണ് ഈ കുറ്റകൃത്യം. ഇവരും വീട്ടിൽ തന്നെയായിരുന്നെങ്കിലും വീട്ടിലെ എല്ലാ മുറികളിലും മാലിന്യകൂമ്പാരമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒരു മാസം മുമ്പ് ഇവരെ ചികിത്സയ്ക്ക് കൊണ്ടു പോയിരുന്ന, പൊണ്ണത്തടിയുള്ളവരെ എടുത്തു മാറ്റാൻ ഉപയോഗിക്കുന്ന അതേ സ്‌ട്രെച്ചറിൽ തന്നെ കിടക്കുന്ന നിലയിലാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ കണ്ടെത്തിയതെന്നും രക്ഷാപ്രവർത്തകർ പറയുന്നു. ഇതാകെ അഴുക്കുപിടിച്ച നിലയിലായിരുന്നുവെന്നും അവർ പറയുന്നു.  ആശുപത്രിയിലേക്കു മാറ്റിയ ഇവരുടെ ആരോഗ്യ നില സംബന്ധിച്ചു വിവരം ലഭ്യമല്ല.
 
ഒന്നുരണ്ടു വർഷമായി രോഗക്കിടക്കയിലായ അമ്മയെ താനും അച്ഛനും പരിപാലിച്ചു വരികയായിരുന്നെന്ന് മകൻ ക്രിസ്റ്റ്യൻ സൊറൽസ് പോലീസിനോട് പറഞ്ഞു. എങ്കിലും ആരോഗ്യ നില വഷളായി വരികയായിരുന്നു. തനിക്കും അച്ഛനും ജോലിയൊന്നുമില്ലാത്തതിനാൽ ചികിത്സയക്ക് പണം ഒരു പ്രശ്‌നമായിരുന്നെന്നും ക്രിസ്റ്റ്യൻ പൊലീസിനോട് വെളിപ്പെടുത്തി.
 

Latest News