Sorry, you need to enable JavaScript to visit this website.

ഡാറ്റ മോഷണം:  ഫേസ്ബുക്കുമായുള്ള സഹകരണം പുനപ്പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യുദൽഹി- യുസർമാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് അവരെ മനശ്ശാസ്ത്രപരമായി സ്വാധീനിച്ച് തെരഞ്ഞെടുപ്പുകളിൽ അട്ടിമറി നടത്താൻ ഫേസ്ബുക്ക് ഡാറ്റ മൈനിങ് കമ്പനികളെ സഹായിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കുമായുള്ള സഹകരണം പുനപ്പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഒ.പി റാവത്ത് അറിയിച്ചു. യുവ വോട്ടർമാരെ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ പ്രോത്സാഹിപ്പികുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷൻ ഫേസ്ബുക്കുമായി സഹകരിക്കുന്നുണ്ട്. കമ്മീഷന്റെ അടുത്ത യോഗത്തിൽ ഈ ബന്ധത്തിന്റെ എല്ലാ തലങ്ങളും വിശദമായി പരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് റാവത്ത് പറഞ്ഞു. 
ഫേസ്ബുക്കിൽ നിന്ന് ശേഖരിക്കുന്ന യൂസർമാരുടെ വിവരങ്ങൾ ഉപയോഗിച്ച് അവരെ മനശാസ്ത്രപരമായി വർഗീകരിച്ച് സ്വാധീനിക്കുന്നുവെന്ന കണ്ടെത്തൽ ആശങ്കപ്പെടുത്തുന്നതാണ്. പൊതുജനാഭിപ്രായം വാർത്തെടുക്കുന്ന ഈ പ്രക്രിയ തെരഞ്ഞെടുപ്പിനെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കും. ഇത് തീർച്ചയായും ഞങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്റെ ഫേസ്ബുക്കുമായുള്ള സഹകരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം 13 ഇന്ത്യൻ ഭാഷകളിലായി ഇന്ത്യയിലെ യൂസർമാർക്ക് വോട്ടർ രജിസ്‌ട്രേഷൻ ഓർമ്മപ്പെടുത്തൽ സന്ദേശം ഫേസ്ബുക്ക് അയച്ചിരുന്നു. 2017 ജൂലൈ ഒന്നു മുതൽ നാലു വരേ തുടർച്ചയായാണ് ഈ സന്ദേശങ്ങൾ അയച്ചിരുന്നത്്. പിന്നീട് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാ യൂസർമാർക്കും ജന്മദിനാശംസകൾക്കൊപ്പം വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശവും ഫേസ്ബുക്ക് കമ്മീഷന്റെ സഹകരണത്തോടെ അയച്ചിരുന്നു. കമ്മീഷൻ ഫേസ്ബുക്കുമായി ചേർന്ന് നടത്തിയ ഒടുവിലെ പ്രചാരണം ജനുവരിയിലാണ്. ജനുവരി എട്ടിന് ദേശീയ വോട്ടേഴ്‌സ് ദിന പ്രതിജ്ഞാ ഫീചർ കമ്മീഷൻ ഫേസ്ബുക്കിൽ അവതരിപ്പിച്ചിരുന്നു.
 

Latest News