ഫുര്‍സാന്‍ കപ്പല്‍ സര്‍വീസില്‍ ഒന്നര ലക്ഷത്തോളം യാത്രക്കാര്‍

ജിസാന്‍ - ജിസാനെയും ഫുര്‍സാന്‍ ദ്വീപിനെയും ബന്ധിപ്പിച്ചുള്ള കപ്പല്‍ സര്‍വീസുകളില്‍ മൂന്നു മാസത്തിനിടെ 1,46,000 ലേറെ പേര്‍ യാത്ര ചെയ്തതായി പൊതുഗതാഗത അതോറിറ്റി വെളിപ്പെടുത്തി. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഫുര്‍സാന്‍ കപ്പല്‍ സര്‍വീസുകളില്‍ ഇത്രയും പേര്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ ഫുര്‍സാന്‍ കപ്പല്‍ സര്‍വീസുകളിലെ യാത്രക്കാരുടെ എണ്ണം 17 ശതമാനം തോതില്‍ വര്‍ധിച്ചു.
മൂന്നു മാസത്തിനിടെ 210 സര്‍വീസുകളില്‍ ആകെ 25,000 ലേറെ വാഹനങ്ങളും യാത്രാ കപ്പലുകള്‍ നീക്കം ചെയ്തു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ കപ്പല്‍ സര്‍വീസുകളില്‍ നീക്കം ചെയ്ത വാഹനങ്ങളുടെ എണ്ണം ആറു ശതമാനം തോതില്‍ വര്‍ധിച്ചു. ടണ്‍ കണക്കിന് ചരക്കുകള്‍ വഹിച്ച 12,000 ലേറെ ലോറികളും ട്രക്കുകളും 540 ചരക്കു കപ്പല്‍ സര്‍വീസുകളിലും നീക്കം ചെയ്തു.

 

Latest News