Sorry, you need to enable JavaScript to visit this website.

ജൗഹറിനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധം കനക്കുന്നു; പിൻവലിക്കണമെന്ന് യൂത്ത് ലീഗ്, എസ്.വൈ.എസ് പ്രകടനം 

കോഴിക്കോട്- ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസ് പിൻവലിക്കണമെന്ന് യൂത്ത് ലീഗും സുന്നി യുവജന സംഘവും ആവശ്യപ്പെട്ടു. 
കേസ് പിൻവലിക്കണമെന്നും കേസെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും ആരോപിച്ച മുസ്ലിം യൂത്ത് ലീഗ്, സമാനമായ ആരോപണങ്ങൾ നേരത്തെ പലർക്കുമെതിരെ ഉയർന്നുവന്നിട്ടും അത്തരം പരാതികളിൽ കേസെടുക്കാതെ ജൗഹറിന്റെ പേരിൽ മാത്രം കേസെടുത്തത് ഇരട്ടനീതിയാണെന്നും വ്യക്തമാക്കി. ശംസുദ്ദീൻ പാലത്തും എം.എം അക്ബറും ജൗഹർ മുനവ്വിറുമെല്ലാം സർക്കാറിന്റെ ഇരട്ടനീതിയുടെ ഇരകളാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആരോപിച്ചു.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സുന്നി യുവജന സംഘം ഇന്ന് വൈകിട്ട് നാലിന് കൊടുവള്ളിയിൽ പ്രതിഷേധപ്രകടനം നടത്തും. വൈകിട്ട് നാലിന് നടക്കുന്ന പ്രകടനത്തിൽ പരമാവധി പ്രവർത്തകർ പങ്കെടുക്കണമെന്ന് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.

കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം കേന്ദ്രത്തിലെ സർക്കാറിനെ തോൽപ്പിക്കും വിധമാണ് മുസ്‌ലിം സമുദായത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് യൂ്ത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഫെയ്‌സ്ബുക്കിൽ ആരോപിച്ചു. മുസ്‌ലിം ഐഡന്റിറ്റി ഉള്ളതിന്റെ പേരിൽ അമേരിക്കയിലെ എയർപോർട്ടുകളിൽ പ്രത്യേകം സ്‌കാനിംഗിന് വിധേയമാകേണ്ടി വന്ന വാർത്ത പലകുറി നമ്മൾ കേട്ടിട്ടുണ്ട്. അത്തരം 'സ്‌കാനിംഗ് മെഷീനുകൾ' കേരളത്തിലേക്കും ഇറക്കുമതി ചെയ്യുകയാണ് ഈ സർക്കാർ. ചില പ്രത്യേക വിഭാഗം റിവോൾവറുമായി പോവുമ്പോൾ കണ്ണു പൊത്തുകയും മൊട്ടുസൂചിയുമായി പോകുന്ന മറ്റു ചിലരെ അകത്തിടുകയും ചെയ്യുന്ന ഈ 'മെഷീൻ' നമ്മുടെ നാടിന് ഒട്ടും ഗുണകരമല്ലെന്നും ഫിറോസ് പറഞ്ഞു. 
ഇന്ത്യൻ ശിക്ഷാ നിയമവും വകുപ്പുകളുമെല്ലാം ചില പ്രത്യേക ജന വിഭാഗത്തിന് നേരെ ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്തിപ്പോൾ സർവ്വ സാധാരണമായിരിക്കുകയാണ്. രാജ്യത്തെ ജയിലുകളിൽ വിചാരണ പൂർത്തിയാകാതെ തടവിലാക്കപ്പെട്ടവരുടെയും ശിക്ഷ വിധിച്ച് ജയിലുകളിൽ കഴിയുന്നവരുടെയും കണക്കെടുത്താൽ ആദിവാസി, ദളിത്, മുസ്‌ലിം ജനവിഭാഗങ്ങളാണ് അതിലധികവും എന്ന് ബോധ്യമാകും. കുറ്റം ചെയ്യുന്നവർ അവർ മാത്രമായത് കൊണ്ടല്ല; നിയമത്തിന്റെ പ്രിവിലേജുകളോ ലൂപ്പ് ഹോൾസോ അവർക്ക് ലഭ്യമല്ല എന്നത കൊണ്ടാണിത് സംഭവിച്ചത്.
ഏറെ പരിഷ്‌കൃതമെന്നവകാശപ്പെടുന്ന കേരളത്തിലെ സാഹചര്യവും വ്യത്യസ്തമല്ല. പോക്‌സോ ആക്ട് നടപ്പിലാക്കിയപ്പോൾ കേരളത്തിലെ ആദിവാസികളിലധികവും ജയിലുകളിലടക്കപ്പെടുന്ന സാഹചര്യമുണ്ടായി. നിയമങ്ങളും ഭരണകൂടത്തിന്റെ ടൂളുകളുമെല്ലാം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് നേരെ മാത്രം ഉപയോഗിക്കുന്നു. അത്തരം ജനവിഭാഗമെപ്പോഴും മോണിറ്റർ ചെയ്യപ്പെടുകയും ചെറിയ പിഴവുകൾക്ക് പോലും നിയമത്തിന്റെ നൂലാമാലകളിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നു. ശംസുദ്ധീൻ പാലത്തും എം.എം അക്ബറും ഒടുവിൽ ജൗഹർ മുനവ്വിറുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രമാണ്. സമാനമായ സാഹചര്യങ്ങളിൽ മറ്റു പലർക്കുമെതിരെ കേസെടുക്കാതിരിക്കുകയും/ കേസെടുത്താൽ തന്നെ നടപടികളെടുക്കാതിരിക്കുകയും ചെയ്യുമ്പോഴാണിതെന്ന് ഓർക്കണം.

നിയമത്തിലും ഭരണഘടനയിലും മുഴുവൻ ജനവിഭാഗത്തിന്റെയും വിശ്വാസം ആർജ്ജിക്കുക എന്നത് ഒരു സമൂഹത്തിന്റെ പുരോഗമനത്തിന് അനിവാര്യമാണ്. വിഭവങ്ങൾ തുല്ല്യമായി വീതിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നിയമവും തുല്യമായി നടപ്പിലാക്കുക എന്നതും. അതിനാലാണ് നിയമത്തിന് മുന്നിൽ എല്ലാവരും തുല്ല്യർ) എന്നത് ഭരണഘടനയിലെ മൗലികാവകാശ തത്വങ്ങളിൽ എഴുതിച്ചേർത്തത്. പിണറായി സർക്കാറിനും അത് ബാധകമാണെന്ന് ഓർമ്മപ്പെടുത്തുകയാണെന്നും ഫിറോസ് പറഞ്ഞു.

Latest News