തൃശൂര്‍- ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയ സംഭവത്തിനു പിന്നാലെ വീണ്ടും വിവാദമായി ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിയുടെ തൃശൂരിലെ കൈനീട്ട വിതരണം. കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം ആളുകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
എന്നാല്‍ സംഭവം വിവാദമാക്കുന്നതിനെതിരേ സുരേഷ് ഗോപി രംഗത്തെത്തി. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിക്ക് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
'ചില വക്രബുദ്ധികള്‍ അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുത ഉണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് മേടിക്കാനുള്ള കപ്പമല്ല കൊടുത്തത്. വിഷു ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണ്. അത് മാത്രമാണ് നിര്‍വഹിച്ചത്- അദ്ദേഹം പറഞ്ഞു.
തന്റെ കാറില്‍ പണവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകള്‍ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒടുവില്‍ പണം വാങ്ങിയ എല്ലാവരും ചേര്‍ന്ന് നടനൊപ്പം ഫോട്ടോയും എടുക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈനീട്ട വിതരണത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. തൃശൂരിലെ ബി.ജെ.പി നേതൃത്വത്തിന്റെകൂടി സഹകരണത്തോടെയാണ് നടന്റെ പേരില്‍ വിഷുകൈനീട്ടം വിതരണം ചെയ്തത്. ഓരോ മേഖലയിലേയും പ്രാദേശിക നേതാക്കളും വിവിധയിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. വിഷുവിനെ രാഷ്ട്രീയവല്‍ക്കരിച്ചു എന്ന ആരോപണമാണ് ഉയരുന്നത്.