Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ വീണ്ടും തീവെപ്പ്, വാഹനങ്ങളും ഗാരേജും കത്തിച്ചു

ഖാര്‍ഗോണ്‍ അക്രമത്തെക്കുറിച്ചുള്ള ട്വീറ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി, യുവമോര്‍ച്ച അംഗങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ കോലം കത്തിക്കുന്നു.

ഖാര്‍ഗോണ്‍- കര്‍ഫ്യൂവും കനത്ത പോലീസ് സാന്നിധ്യവും തുടരുന്ന മാധ്യപ്രദേശിലെ ഖാര്‍ഗോണില്‍ വീണ്ടും തീവെപ്പും അക്രമവും.  ഞായറാഴ്ച രാമനവമി ഘോഷയാത്രക്കുനേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് ആക്രമണം തുടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും അക്രമം തുടരുന്നതിനിടെ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഏതാനും വാഹനങ്ങളും ഒരു ഗാരേജും കത്തിച്ചു.
111 പേരെ അറസ്റ്റ് ചെയ്തതായും കലാപകാരികള്‍ക്കെതിരെ 24 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇന്‍ഡോര്‍ ഐ.ജി രാകേഷ് ഗുപ്ത പറഞ്ഞു. പ്രതികളിലൊരാള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതായി ബര്‍വാനി കലക്ടര്‍ ശിവരാജ് സിംഗ് വര്‍മയും പറഞ്ഞു.
ഭോപ്പാലിലും രത്‌ലാമിലും പിടിക്കപ്പെട്ട ഭീകരരായാലും ഖാര്‍ഗോണിലെ ഭീകരരായാലും എല്ലാവരും തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ സ്ലീപ്പര്‍ സെല്ലുകളാണെന്നും അവരെ സമാധാനത്തോടെ കഴിയാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
കലാപബാധിത ഖാര്‍ഗോണിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍  കര്‍ശനമായ നടപടികള്‍ക്ക് ഉത്തരവിട്ടു.
വിഡിയോകളില്‍ നിന്ന് കലാപകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നാല് ഐപിഎസ് ഓഫീസര്‍മാരുടെയും 15 ഡിഎസ്പിമാരുടെയും നേതൃത്വത്തില്‍ വലിയ പോലീസ് സേനയെയും  വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ബിസ്താന്‍ റോഡിലെ ഒരു ബേക്കറിയും ഖാര്‍ഗോണ്‍ ബസ് സ്റ്റാന്‍ഡിലെ ഒരു ഹോട്ടലും അധികൃതര്‍ തകര്‍ത്തു. കമ്മീഷണര്‍ പവന്‍ ശര്‍മ്മയുടെയും ഐജി രാകേഷ് ഗുപ്തയുടെയും സാന്നിധ്യത്തിലാണ് കെട്ടിടങ്ങള്‍ തകര്‍ത്തത്.   മെക്കാനിക് നഗര്‍ ഏരിയയിലെ ഗാരേജില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബസുകളും ഒരു കാറും അഗ്‌നിക്കിരയാക്കിയതായി ജയ്താപൂര്‍ പോലീസ് ഔട്ട്‌പോസ്റ്റ് ഇന്‍ചാര്‍ജ് പ്രവീണ്‍ ആര്യ പറഞ്ഞു.
ബര്‍വാനിയില്‍ നിന്നുള്ള ബസ് ഉടമയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 435 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.  സെന്‍ധ്വ, പല്‍സുദ് എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് രണ്ട് ബസ് ഉടമകള്‍ ഫോണിലൂടെയാണ് പരാതി നല്‍കിയതെന്നും പ്രവീണ്‍ ആര്യ പറഞ്ഞു.
ഖാര്‍ഗോണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അക്രമികളുടെ നീക്കങ്ങള്‍ ഉടനടി നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അഡീഷണല്‍ എസ്പി നീരജ് ചൗരസ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാമനവമി നാളിലെ കലാപത്തെത്തുടര്‍ന്ന് താരതമ്യേന സമാധാനപരമായിരുന്ന സെന്‍ധ്വയില്‍ തിങ്കളാഴ്ച വൈകിട്ടാണ് ഗോഡൗണിന് തീപിടിച്ചത്. കലാപകാരികളെ തിരയുകയാണെന്നും അവരുടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുമെന്നും ബര്‍വാനി കലക്ടര്‍ ശിവരാജ് സിംഗ് വര്‍മ  പറഞ്ഞു.
ഇന്റലിജന്‍സ് പരാജയവും പോലീസിന്റെ കെടുകാര്യസ്ഥതയുമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് ഖര്‍ഗോണിലെ കോണ്‍ഗ്രസ് എംഎല്‍എ രവി ജോഷി ആരോപിച്ചു. തീപിടുത്തം മൂലം പതിനഞ്ചോളം കുടുംബങ്ങള്‍ ഭവനരഹിതരായെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഭീതി മൂലം ഒരു കുടുംബവും വീട് വിട്ടുപോയിട്ടില്ലെന്ന് ഖാര്‍ഗോണ്‍ കലക്ടര്‍ അനുഗ്രഹ പി അവകാശപ്പെട്ടു.

 

Latest News