കാസിംകോട്ട- ആന്ധ്രപ്രദേശില്‍ ഗ്രാമമുഖ്യന്‍ അപമാനിച്ചുവെന്ന് ആരോപിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. സെല്‍ഫി വീഡിയോ അയച്ച ശേഷമാണ് ശ്രീനിവാസ റാവുവെന്ന 26 കാരന്‍ ജീവനൊടുക്കിയത്. ആരോപണ വിധേയനായ ഗ്രാമുമുഖ്യന്‍ ശ്യാം അടക്കം ആറുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പുതുതായി രൂപീകൃതമായ അനകപള്ളി ജില്ലയിലെ കാസിംകോട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്തെ ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവായ കെ.ശ്യാമാണ് യുവാവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഗ്രാമുമുഖ്യന്റെ നേതൃത്വത്തില്‍ യുവാവിനെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വനിതാ ജീവനക്കാരിയെ പീഡിപ്പിക്കുന്നത് ചോദ്യം ചെയ്തതിനാലാണ് ഗ്രാമമുഖ്യനും സംഘവും ശ്രീനിവാസ റാവുവിനെതിരെ തിരിഞ്ഞതെന്ന് തെലുഗുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി നാര ലോകേഷ് പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും ഗ്രാമുഖ്യന്‍ ശ്യാമിനെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശ്യാമും സംഘവും തന്നെയും യുവതിയേയും ഉപദ്രവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന ശ്രീനിവസ റാവുവിന്റെ വീഡിയോ ടി.ഡി.പി നേതാക്കള്‍ പുറത്തുവിട്ടു.