ജിദ്ദ - നഗരത്തിൽ റോഡുകൾ മുറിച്ചുകടക്കുന്നവർക്കു വേണ്ടി പുതുതായി പത്തു നടപ്പാലങ്ങൾ നിർമിക്കാനും രണ്ടു നടപ്പാലങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിായക്കാനും നഗരസഭ മൂന്നു കരാറുകൾ ഒപ്പുവെച്ചതായി മേയർ ഡോ. ഹാനി അബൂറാസ് അറിയിച്ചു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ജിദ്ദ ഡെവലപ്‌മെന്റ് ആന്റ് അർബൻ റീജനറേഷൻ കമ്പനിയാണ് പദ്ധതി നടപ്പാക്കുക. നഗരസഭയെ പ്രതിനിധീകരിച്ച് ജിദ്ദ ഡെവലപ്‌മെന്റ് ആന്റ് അർബൻ റീജനറേഷൻ കമ്പനി സി.ഇ.ഒ എൻജിനീയർ ഇബ്രാഹിം കുതുബ്ഖാനയും പദ്ധതി നടപ്പാക്കുന്ന കമ്പനിയെ പ്രതിനിധീകരിച്ച് അൽഹദീസ അഡ്വർട്ടൈസിംഗ് കമ്പനി ഡയറക്ടർ ജനറൽ ഖാലിദ് അൽഅബ്ദുല്ലത്തീഫും കരാറിൽ ഒപ്പുവെച്ചു.
കിംഗ് അബ്ദുൽ അസീസ് റോഡ്, കിംഗ് ഫഹദ് റോഡ്, പ്രിൻസ് മാജിദ് റോഡ്, മക്‌റോണ റോഡ് എന്നീ തിരക്കേറിയ റോഡുകളിലാണ് പുതുതായി പത്തു നടപ്പാലങ്ങൾ നിർമിക്കുക. അബ്ദുല്ല അൽസുലൈമാൻ റോഡ്, ബാഖശബ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ രണ്ടു മേൽപാലങ്ങളുടെ അറ്റകുറ്റപ്പണിയും കരാറുകളിൽ ഉൾപ്പെടും.






