ഉഡുപ്പി- കര്‍ണാടകയില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി കെ.എസ്. ഈശ്വരപ്പക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉഡുപ്പിയിലെ ലോഡ്ജിലാണ് ഹിന്ദു യുവവാഹിനി നേതാവും കരാറുകാരനുമായ സന്തോഷ് പാട്ടീലിനെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കര്‍ണാടക ഗ്രാമ വികസന മന്ത്രിയായ ഈശ്വരപ്പക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സന്തോഷ് പാട്ടിലിന്റെ സഹോദരന്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈശ്വരപ്പയുടെ സഹായികളായ ബാസവരാജ്, രമേശ് എന്നിവരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയും സഹായികളുമാണെന്ന് സുഹൃത്തുക്കളെ അറിയിച്ച ശേഷമായിരുന്നു പാട്ടീലിന്റെ ആത്മഹത്യ. ഗ്രാമ വികസന, പഞ്ചായത്ത് രാജ് വകുപ്പില്‍ ചെയ്തു തീര്‍ത്ത ജോലികള്‍ക്കുള്ള തുകയായ നാല് കോടി വിട്ടുകിട്ടാന്‍ ഈശ്വരപ്പയുടെ സഹായികള്‍ 40 ശതമാനം കമ്മീഷന്‍ ചോദിച്ചതായി പറയുന്നു. ലോഡ്ജില്‍നിന്ന് കണ്ടെടുത്ത പാട്ടീലിന്റെ ആത്മഹത്യാ കുറിപ്പിലും ഈശ്വരപ്പയാണ് കാരണക്കാരനെന്ന് എഴുതിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ഭാര്യയേയും മക്കളേയും സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി ബൊമ്മെ, ബി.ജെ.പി നേതാവ് യദ്യൂരപ്പ എന്നിവരോട് കത്തില്‍ ആവശ്യപ്പെടുന്നു. നേരത്തെ ഗ്രാമവികസന മന്ത്രാലയത്തില്‍നിന്ന് കുടിശ്ശിക ഈടാക്കി കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാട്ടീല്‍ പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതിയിരുന്നു.
മന്ത്രി ഈശ്വരപ്പ രാജിവെക്കണമെന്ന ആവശ്യം ശക്തമായിരിക്കെ എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രിയുമായി നേരിട്ട് സംസാരിക്കുമെന്നുമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചത്.
പാട്ടീലിനെ അറിയില്ലെന്നാണ് ഈശ്വരപ്പയുടെ മറുപടി. കോണ്‍ഗ്രസ് ആവശ്യം കണക്കിലെടുത്ത് രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.