ന്യൂദല്‍ഹി- തലസ്ഥാനത്തെ കമലാ നഗര്‍ മാര്‍ക്കറ്റില്‍ സിഖ് യുവാവ് കൃപാണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഗംഗാ മഹ്‌തോ എന്നയാളാണ് സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടത്. സിയാറാം എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഗുര്‍പീത് സിംഗിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പലിശക്ക് പണം വായ്പ നല്‍കാറുണ്ടെന്ന് പറയുന്ന ഗുര്‍പീത് സിംഗ് കമലാ മാര്‍ക്കറ്റില്‍ സിയാറാമിനെ തേടിയാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഗുര്‍പീത് കൃപാണ്‍ ഉപയോഗിച്ച് സിയാറാമിനെ ആക്രമിക്കുകയായിരുന്നു. സിയാറാമിനെ രക്ഷിക്കാന്‍ ഇടപെട്ടപ്പോഴാണ് സുഹൃത്തായ ഗംഗാ മഹ്‌തോക്ക് കുത്തേറ്റത്. ആളുകളുടെ മര്‍ദനമേറ്റ ഗുര്‍പീതിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇയാളെ മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ കൈകാര്യം ചെയ്ത ശേഷമാണ് പോലീസില്‍ അറിയിച്ചത്. ഗുര്‍പീതിനെതിരെ കൊലക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി പോലീസ് പറഞ്ഞു.






