Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പില്‍ തോറ്റ ഗായകന്‍ പഞ്ചാബികളെ രാജ്യദ്രോഹികളാക്കി; സിദ്ദു മൂസ് വാല വിവാദത്തില്‍

ചണ്ഡീഗഡ്- പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസ് വാല പുറത്തിറക്കിയ
ഏറ്റവും പുതിയ ഗാനം വിവാദത്തില്‍. പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു.

സിദ്ദു മൂസ്‌വാല എന്ന പേരില്‍ അറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ദു, അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് കുറിച്ച് സ്‌കേപ്പ്‌ഗോട്ട് എന്ന പേരിലാമ് പുതിയ ഗാനം പുറത്തിറക്കിയത്. മന്‍സ അസംബ്ലി സീറ്റില്‍  കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മൂസ് വാല  ആം ആദ്മി പാര്‍ട്ടിയുടെ ഡോ.വിജയ് സിംഗ്ലയോട് 63,323 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
മൂസ് വാല പഞ്ചാബ് ജനതയെ രാജ്യദ്രോഹികള്‍ എന്നാണ് വിളിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എ.എ.പി നേതാവ് മല്‍വിന്ദര്‍ സിംഗ് കാംഗ് ആവശ്യപ്പെട്ടു.

പഞ്ചാബിലെ ജനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണ് ഗാനം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മൂസ് വാല തന്റെ പാട്ടില്‍ മൂന്ന് കോടി പഞ്ചാബികളെ രാജ്യദ്രോഹികളെന്ന് വിളിച്ചിരിക്കയാണ്. മൂസ് വാലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബികള്‍ രാജ്യദ്രോഹികളോ കപടനാട്യക്കാരോ അല്ലെന്ന് മൂസ് വാലെയെ രൂക്ഷമായി വിമര്‍ശിച്ച് അമൃത്സര്‍ ഈസ്റ്റില്‍ നിന്നുള്ള എ.എ.പി നിയമസഭാംഗം ജീവന്‍ ജ്യോത് കൗര്‍ ട്വീറ്റ് ചെയ്തു. ഞങ്ങള്‍ക്ക് സമ്പന്നമായ ചരിത്രമുണ്ട്, ഞങ്ങള്‍ എല്ലായ്‌പ്പോഴും നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്നു.
ഗായകനെ വിമര്‍ശിച്ച പഞ്ചാബ് മന്ത്രി ഹര്‍ജോത് ബെയ്ന്‍സും ഗാനത്തിലെ  വരികള്‍ ലജ്ജാകരമാണെന്ന് പറഞ്ഞു.

 

Latest News