കോവിഡ് കാലത്ത് പ്രവാസികള്‍ സംരംഭ മേഖലയില്‍ സജീവമായി

കാസര്‍കോട്- കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കൂടുതല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്‌സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്.
വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വര്‍ഷത്തില്‍ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികള്‍ പ്രവാസികള്‍ പൂര്‍ണമായി ഏറ്റെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രവാസി ഭദ്രത-പേള്‍,  പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ  എന്നീ പദ്ധതികളിലൂടെ 5010 സംരംഭവായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്. നിലവിലുണ്ടായിരുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിന്‍ കീഴില്‍ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.
പ്രവാസി ഭദ്രത പേള്‍ പദ്ധതി കുടുംബശ്രീ മുഖേനെയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ 3081 വായ്പകള്‍ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു. അഞ്ചു ലക്ഷം വരെയുള്ള സ്വയംതൊഴില്‍ വായ്പകള്‍ അനുവദിക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വഴി 1927 വായ്പകള്‍ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 വായ്പകളും കേരളാ ബാങ്ക് വഴി ആറ് വായ്പകളുമാണ് നല്‍കിയത്. 90.41 കോടി രൂപ വായ്പ ഇനത്തില്‍ നല്‍കി. ഇതിനുള്ള മൂലധന സബ്‌സിഡിയും പലിശസബ്‌സിഡിയും നോര്‍ക്ക നല്‍കുന്നു. പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ സബ്‌സിഡിയായി ലഭിക്കും. ആദ്യ നാലു വര്‍ഷം കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. വിവിധ സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, മറ്റ് നാഷണലൈസ്ഡ് ബാങ്കുകള്‍ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ വഴി നടപ്പു സാമ്പത്തിക വര്‍ഷം  ഈ വായ്പാവിതരണം വിപുലമാക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്.  
പ്രവാസി ഭദ്രത പേള്‍ വായ്പകയ്ക്ക് കുടുംബശ്രീ സി.ഡി.എസ്സുകള്‍ വഴിയും മൈക്രോ വായ്പയ്ക്ക് കെ.എസ്.എഫ്.ഇ/കേരളാ ബാങ്ക് ശാഖ വഴിയും അപേക്ഷിക്കാവുന്നതാണ്. ഇതിനു പുറമെ നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലുള്ള പ്രധാന സംരംഭക സഹായ പദ്ധതിയായ എന്‍.ഡി.പി.ആര്‍ ഇ.എമ്മിലും (നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ്) കഴിഞ്ഞ വര്‍ഷം അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായി. 1000 സംരംഭക വായ്പകളാണ് ഈ പദ്ധതിയിലൂടെ 2021-22 വര്‍ഷം വിതരണം ചെയ്തത്.

 

 

Latest News