ന്യൂദല്‍ഹി - യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ ലഭിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, കുടുംബമോ സംഘടനകളോ, യമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായി നടത്തുന്ന ചര്‍ച്ചക്ക് ആവശ്യമായ സഹായം ഉറപ്പാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് കണക്കിലെടുത്ത് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.
കൊല്ലപ്പെട്ട യമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് ദയാധനം (ബ്ലഡ് മണി) നല്‍കി വധശിക്ഷ ഒഴിവാക്കുക എന്നതാണ് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗം. എന്നാല്‍ ബ്ലഡ് മണി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അനുരാഗ് അലുവാലിയ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നയതന്ത്രതലത്തിലുള്ള വിഷയങ്ങള്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാല്‍ വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് നിമിഷ പ്രിയക്കും, ബന്ധുക്കള്‍ക്കും എല്ലാ സഹായവും നല്‍കും. ബന്ധുക്കളോ, കുടുംബമോ, ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് യമനിലക്ക് പോകുകയാണെങ്കില്‍ അവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.