Sorry, you need to enable JavaScript to visit this website.

കശ്മീരിലേക്ക് ടൂറിസ്റ്റ് പ്രവാഹം 

ശ്രീനഗറിലെത്തിയ ടൂറിസ്റ്റുകൾ ഷിക്കാരയിൽ 
ദാൽ തടാകം 
കശ്മീരിന്റെ പ്രകൃതിഭംഗി 
ശ്രീനഗറിലെ അസ്തമയം 
ഇന്ദിരാഗാന്ധി ടുലിപ് ഉദ്യാനം 

കശ്മീരിനെ നെഞ്ചോട് ചേർക്കാൻ വിനോദ സഞ്ചാരികൾ ഒഴുകുന്നു.  കൊടുംശൈത്യം കുറഞ്ഞതോടെയാണ്  കശ്മീരിലേക്ക് പ്രവാഹം തുടങ്ങിയത്.  അതിമനോഹരങ്ങളായ തടാകങ്ങളും ടുലിപ് പൂക്കൾ നിറഞ്ഞ താഴ്‌വരകളും കൃഷിയിടങ്ങളും കാണാൻ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ കൂടുതലായി എത്തുകയാണെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. 


രാവും പകലുമായി  അമ്പത് ആഭ്യന്തര വിമാന സർവീസുകളാണ് ശ്രീനഗർ വിമാനത്താവളത്തിൽ  നിത്യേന വന്നിറങ്ങുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് കശ്മീരിലെത്തുന്നത്.  മുംബൈ, ദൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സമ്പന്നരാണ് ഏറെയും. ഔദ്യോഗിക കണക്കുകൾ പ്രകാരം 8000 ത്തിനും 9000 ത്തിനുമിടയിൽ ടൂറിസ്റ്റുകൾ  ദിവസവും എത്തിച്ചേരുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയത്. പത്ത് വർഷത്തിനിടെ വിനോദ സഞ്ചാരികളുടെ ആഗമനത്തിൽ റെക്കോർഡാണ്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 3,40,000 ടൂറിസ്റ്റുകളെത്തിയെന്നാണ് കണക്ക്.

വിദേശ ടൂറിസ്റ്റുകളുടെ വരവിന് നിയന്ത്രണം നിലനിൽക്കുമ്പോഴാണ് ഇത്രയും പേരെത്തിയത്. മാർച്ചിൽ മാത്രം 1,80,000 പേരെത്തിയിട്ടുണ്ടെന്ന് ജമ്മു കശ്മീർ ടൂറിസം സെക്രട്ടറി സർമാദ് ഹഫീസ് പറഞ്ഞു. ഉത്തരേന്ത്യയിൽ ചൂട് കൂടുന്നതിനനുസൃതമായി ഇത് വർധിക്കാനാണ് സാധ്യത. ഏപിൽ-മെയ് മാസങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ് സൂചന. കശ്മീരിന്റെ സമ്പദ്ഘടനയിൽ ഏഴ് ശതമാനം വരെ സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നടത്തിയ പരസ്യ പ്രൊമോഷനാണ് ടൂറിസ്റ്റ് പ്രവാഹത്തിന് കാരണമായതെന്ന് ഹഫീസ് വ്യക്തമാക്കി. 


 ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന് ടുലിപ് പൂക്കളുടെ ഉദ്യാനമാണ്. ഏഷ്യയിലെ ഏറ്റവും വിശാലമായ ഉദ്യാനമാണ് ജമ്മു കശ്മീരിലേത്. ഇത്തവണ പത്തര ലക്ഷം പൂക്കളാണ് വിരിഞ്ഞത്. സബർവാൻ മലനിരകളുടെ താഴ്‌വരയിലാണ് ടുലിപ് വിരിഞ്ഞ് നിൽക്കുന്നത്. വിവിധ നിറത്തിലെ ടുലിപ് പൂക്കൾ വിദേശത്തേയ്ക്ക് വൻതോതിലാണ് കയറ്റുമതി ചെയ്യുന്നത്.
ഭൂമിയിലെ പറുദീസ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്മീരിലെ ദാൽ തടാകം നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രസിദ്ധമാണ്. മുഗൾ ചക്രവർത്തിമാർ തലസ്ഥാനത്തെ ഉഷ്ണം സഹിക്ക വയ്യാതെ ആശ്വാസം തേടിയെത്തിയിരുന്നത് ഇവിടേക്കാണ്. ദാൽ തടാകത്തിലെ സവാരി അവിസ്മരണീയ അനുഭവമാണ്. ഇതിനോട് ചേർന്നാണ് ടുലിപ് ഉദ്യോനം -ഇന്ദിരാഗാന്ധി ടുലിപ് ഗാർഡൻ എന്നാണ് പേര്. തടാകത്തിലെ ഷിക്കാർ സവാരിയാണ് വാലി മുഹമ്മദ് ഭട്ട് എന്ന 54 കാരന്റെ വരുമാന മാർഗം. കഴിഞ്ഞ രണ്ടു വർഷങ്ങളായി വരുമാനമൊന്നുമില്ലാതെ പ്രയാസപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നിത്യേന 1000 രൂപയ്ക്കും 1500 രൂപയ്ക്കുമിടയിൽ വരുമാനം ലഭിക്കുന്നു.  അടുത്ത ഏതാനും ആഴ്ചകളിലേക്ക് ശ്രീനഗറിലെ ഹോട്ടലുകളിൽ മുറികൾ പൂർണമായും ബുക്ക് ചെയ്തു പോയെന്ന് ശ്രീനഗറിലെ ടൂർ ഓപപ്പറേറ്റർ ഗുലാം ഹസ്സൻ പറഞ്ഞു. കോവിഡിന് മുമ്പുള്ള കാലത്തേക്കാൾ മുറി വാടക മുപ്പത് ശതമാനം കൂട്ടി. എന്നിട്ടും ബുക്കിംഗിന് യാതൊരു കുറവുമില്ല. മുമ്പൊക്കെ യൂറോപ്പിലേക്ക് പോയിരുന്ന സഞ്ചാരികൾ ഇന്ത്യയിലെ യൂറോപ്പ് കാണാനാണ് ഇപ്പോൾ താൽപര്യം പ്രകടിപ്പിക്കുന്നതെന്ന് ടൂർ ഓപറേറ്ററായ മുഹമ്മദ് യാസിർ പറഞ്ഞു. കേരളത്തിൽ നിന്ന് വിമാന ടിക്കറ്റുൾപ്പെടെ മൂന്നും നാലും ദിവസത്തെ യാത്ര സംഘടിപ്പിക്കുന്ന ഗ്രൂപ്പുകളുണ്ട്. നാൽപതിനായിരത്തിന് മുകളിലാണ് നിരക്ക്. ഇത്രയും പണം മുടക്കാതെ ജമ്മു താവി, കത്ര ട്രെയിനുകളിൽ യാത്ര ചെയ്തും കശ്മീർ കാണാവുന്നതേയുള്ള#ൂ. 

 

Latest News