സംവരണ പ്രക്ഷോഭം: ഹര്‍ദിക് പട്ടേലിന്റെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

ന്യൂദല്‍ഹി- 2015 ലെ സംവരണ പ്രക്ഷോഭ കേസില്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹര്‍ദിക് പട്ടേലിനെതിരെയുള്ള ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എസ്.എ നസീര്‍, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.

പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ 2018 ജൂലായിലാണ് വിസ്നഗര്‍ കോടതി ഹര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ആ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഹാര്‍ദികിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ ശിക്ഷാനടപടിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ കോടതിയെ സമീപിച്ചിരുന്നു. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതില്‍ വിലക്കുണ്ട്. എന്നാല്‍, ഹൈക്കോടതി അദ്ദേഹത്തിന്റെ അപേക്ഷ തള്ളി. തുടര്‍ന്നാണ് ഹര്‍ദിക് പട്ടേല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍, ഹാര്‍ദിക് പട്ടേലിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാത്തത് അഭിപ്രായ പ്രകടനത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ദിക് പട്ടേലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് വാദിച്ചു. 2019 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം ഇതിനോടകം നഷ്ടപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തെ പോലീസ് വേട്ടയാടുകയാണെന്നും മനീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി.

 

Latest News