Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ ടൂറിസം ഇപ്പോൾ വേറെ ലെവലാണ് 

ബേപ്പൂരിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്. 
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. 

കേരളത്തിന്റെ വിനോദ സഞ്ചാരമെന്നാൽ കോവളം മുതൽ ഏറിയാൽ തൃശൂർ വരെയെന്നതായിരുന്നു അടുത്ത കാലം വരെയുള്ള കണക്ക്. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾ ആദ്യം തലസ്ഥാനത്തെത്തും. അവിടെ വലിയ വാടകയും നൽകി ഐടിഡിസിയുടെയോ കെടിഡിസിയുടെയോ ഹോട്ടലുകളിൽ താമസിക്കും. കോവളം കടപ്പുറത്ത് മത്തി ഉണക്കാനിട്ടത് പോലെ കിടന്ന് കുറെ വെയിൽ കൊള്ളും. പറ്റുമെങ്കിൽ ആലപ്പിയും കൊച്ചിയുമെത്തി കായലിലൂടെ യാത്ര ചെയ്യും. സർക്കാരിന്റെ വലിയ ബ്ലേഡ് നിരക്കുകൾ ഈടാക്കുന്ന ടൂറിസം വകുപ്പ് ഹോട്ടലുകളിൽ താമസിക്കും. അപൂർവം ചില ഭാഗ്യവാന്മാർ തൃശൂർ പൂരം സീസണാണെങ്കിൽ അവിടെ വരെ എത്തും. മലബാർ ജില്ലകളിലെ ടൂറിസം സ്‌പോട്ടുകളൊന്നും ഇതേവരെ വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. കോഴിക്കോട്ടെ ചില കലക്ടർമാർ മുൻകൈയെടുത്ത് ഇതിനൊരു മാറ്റം വരുത്താൻ ചില ശ്രമങ്ങൾ നടത്തിയതൊന്നും വിസ്മരിക്കുന്നില്ല. അമിതാഭ് കാന്തിന്റെയും യുകെഎസ് ചൗഹാന്റെയും കാലഘട്ടങ്ങളിൽ ജില്ലയിൽ സംഘടിപ്പിച്ച കണ്ടക്ടഡ് ടൂറുകളൊന്നും വേണ്ടത്രയങ്ങ് ക്ലിക്കായില്ലെന്നതാണ് വസ്തുത. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേത് പോലെ രാവിലെ പുറപ്പെട്ട് രാത്രി നഗരത്തിൽ തിരിച്ചെത്തുന്ന വിധത്തിലായിരുന്നു ഈ യാത്രകൾ പ്ലാൻ ചെയ്തിരുന്നത്.

ബേപ്പൂരും കാപ്പാടും ലോകനാർകാവും ഒക്കെ  ഉൾപ്പെടുത്തി 90 കളിൽ നടത്തിയ ഏകദിന പിക്‌നിക്കുകൾ വിജയമായിരുന്നില്ല. ഒന്നിനും അധികം ആയുസ്സുണ്ടായില്ല. എന്നാലിപ്പോൾ കോഴിക്കോട്ടെന്താണ് കാണാനുള്ളതെന്ന് അന്വേഷിക്കുന്നവർക്കുള്ള മറുപടിയാണ് ബേപ്പൂരിലെ പുതിയ സൗകര്യങ്ങൾ മുതൽ വടകര ക്രാഫ്റ്റ് വില്ലേജ് വരെ. മലബാർ  അവഗണിക്കപ്പെടുന്നുവെന്ന് ഇനിയാരും വിലപിക്കേണ്ടി വരില്ല. ്അത്രയ്ക്ക് ഊർജസ്വലതയോടെയാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. അടുത്തിടെ നടത്തിയ ബേപ്പൂർ ഫെസ്റ്റ് ടൂറിസം രംഗത്തിന് ഉത്തേജനം പകർന്നു. അതു കഴിഞ്ഞപ്പോൾ ബേപ്പൂർ ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസ്റ്റ് പ്രൊമോഷൻ കൗൺസിലിന്റെയും തുറമുഖ വകുപ്പിന്റെയും സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജാണ് ഹിന്ദി ബെൽറ്റിലടക്കം മാധ്യമങ്ങളിൽ വാർത്തയായത്. കടലിലൂടെ ഒന്ന് നടക്കണമെന്നും തിരമാലകൾക്കൊപ്പം ഉയർന്നു പൊങ്ങുകയും താഴുകയും ചെയ്യണമെന്നും തോന്നാത്തവരായി ആരുമുണ്ടാകില്ല. കടലിലൂടെ നടക്കണമെന്ന് ആഗ്രഹം തോന്നിയാൽ ഉടൻ ബേപ്പൂരിലേക്ക് വിടാം. ബേപ്പൂരിലെത്തിയ വിനോദ സഞ്ചാരികൾ തിരമാലകൾക്കനുസരിച്ച് പാലം ഉയരുകയും താഴുകയും ചെയ്യുന്ന വീഡിയോ കണ്ടാൽ ആരും ഇങ്ങോട്ടേക്ക് പറക്കും തീർച്ച.  

ചാലക്കുടി ക്യാപ്ചർ ഡേയ്‌സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്‌പോർട്‌സിന്റെ നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഹൈ ഡെൻസിറ്റി പോളി എത്തിലിൻ  ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ  നിർമാണം. തിരമാലകൾക്ക് മീതെ പുതിയ അനുഭവം തരുന്ന പാലത്തിന് 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ്.  ഇക്കഴിഞ്ഞ  മാർച്ച് 27 ന് ടൂറിസം മന്ത്രി ഉദ്ഘാടനം നിർവഹിച്ചു.  വശങ്ങളിൽ കൈവരിയുള്ളതിനാൽ വീഴാതെ പിടിച്ചുനിൽക്കാൻ കഴിയും.

100 കിലോഗ്രാം തൂക്കമുള്ള 31 നങ്കൂരങ്ങൾ ഉപയോഗിച്ചാണ് പാലം ബലപ്പെടുത്തിയിരിക്കുന്നത്. തിരമാലകൾക്ക് അനുസരിച്ച് പാലം ഉയരുകയും താഴുകയും ചെയ്യും. ഒരേ സമയം 500 പേർക്ക് വരെ കയറാൻ ശേഷിയുണ്ട്. ഇപ്പോൾ  50 പേർക്ക് ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രമാണ് പാലത്തിൽ പ്രവേശനം അനുവദിക്കുന്നത്. കടലിലേക്ക് നീണ്ടുകിടക്കുന്ന പാലത്തിന്റെ  അറ്റത്ത് സന്ദർശകർക്ക് കടൽ സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിൽ 15 മീറ്റർ വീതിയിലുള്ള പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. 100 രൂപയാണ് പ്രവേശന ഫീസ്. ആലപ്പുഴ ബീച്ചിൽ പ്രവർത്തനമാരംഭിക്കേണ്ട ഫ്‌ളോട്ടിംഗ് ബ്രിഡ്ജാണ് കോഴിക്കോട് ബേപ്പൂരിലേക്ക് വഴിമാറിയെത്തിയത്. തീരദേശ സംരക്ഷണ നിയമത്തിന്റെ സാങ്കേതികത നിമിത്തമാണ് ആലപ്പുഴക്ക് പദ്ധതി നഷ്ടമായത്. ബേപ്പൂരിന് നല്ല പരിഗണനയാണ് ഇപ്പോൾ ലഭിച്ചു വരുന്നത്. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് കടലുണ്ടിയെന്ന ടൂറിസ്റ്റ് കേന്ദ്രം. കാണാൻ പലതുമുണ്ട്. എന്നാൽ സാധാരണക്കാർക്കെത്താൻ സംവിധാനിമില്ല. ബേപ്പൂർ മണ്ഡലത്തിൽ പെടുന്ന പ്രദേശമാണ് കടലുണ്ടിയും. ഈ ന്യൂനത തിരിച്ചറിഞ്ഞ മന്ത്രി റിയാസ് ഇടപെട്ടു. അദ്ദേഹം ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ ഫലമായാണ് കോഴിക്കോട് നഗരത്തിൽ നിന്ന് കടലുണ്ടിയിലേക്ക് കെഎസ്ആർടിസി സർവീസുകൾ തുടങ്ങിയത്. 

 

 

Latest News