ബീജിംഗ്- കോവിഡ് വ്യാപിക്കുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാങ്ഹായില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായി. നഗരത്തിലും സമീപ പ്രദേശങ്ങളിലും കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്നാണ് കര്‍ശനമായ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. ഇതോടെ അവശ്യവസ്തുക്കള്‍ ലഭിക്കാതെ ഷാങ്ഹായ് നിവാസികള്‍ ദുരിതത്തിലായി.
ദിവസം ഒരു ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂവെന്നും മെയ് വരെ എങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നുമാണ് നഗരവാസികളെ ഉദ്ധരിച്ച് എച്ച്.കെ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷാങ്ഹായിലെ പകര്‍ച്ചവ്യാധി സാഹചര്യത്തിനു മാറ്റം വന്നിട്ടില്ലെന്നും കര്‍ശന ലോക്ക്ഡൗണ്‍ ഉണ്ടായിട്ടും രോഗബാധിതരുടെ എണ്ണം കൂടുകയാണെന്നും പത്രം പറയുന്നു. കോവിഡിന്റെ ഏറ്റവും പുതിയ തരംഗമായ ബി.എ 2 വകഭേദത്തിന്റെ വ്യാപനത്തോടാണ് ചൈന മല്ലിടുന്നത്.
ഷാങ്ഹായിലെ 25 ദശലക്ഷമാളുകള്‍ക്കും കോവിഡ് പരിശോധന നടത്തുന്നതിന് സഹായിക്കാനായി ഈ മാസം മൂന്ന് മുതല്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് അധികൃതര്‍ അനിശ്ചിതകാലത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൂട്ട കോവിഡ് പരിശോധനയുടെ ഫലങ്ങള്‍ വിലയിരുത്തുന്നതുവാരെ താമസക്കാര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ അനുവാദമില്ല.
രോഗം വീണ്ടും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ചൈന ഒരിക്കലും സീറോ കോവിഡ് നിലപാടില്‍ അയവ് വരുത്തില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വൈറസ് വ്യാപനം ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ തകര്‍ക്കുമെന്നും പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കാത്ത പ്രായമായവരെ അപകടത്തിലാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സീറോ ടോളറന്‍സ് സമീപനം തുടരുന്നുണ്ടെങ്കിലും ഒമിക്രോണ്‍ വ്യാപനം ഗുരുതര സാഹചര്യം സൃഷ്ടിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ ഷാങ്ഹായില്‍ 1,30,000ലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ മരണമുണ്ടായിട്ടില്ല. ഗുരുതരാവസ്ഥയിലുള്ളവരും കുറവാണ്.
രോഗബാധ നേരത്തെ തടയുന്നതിനുള്ള നടപടികളും ചൈനയുടെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുമാണ് മരണനിരക്ക് കുറയാന്‍ കാരണമെന്ന് ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വു സുന്‍യോ പറഞ്ഞു.
വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണങ്ങള്‍ തടയുന്നതിനും കുറക്കുന്നതിനമുള്ള നടപടികളാണ് ചൈനയില്‍ വിജയം കാണുന്നത്. മരണ കാരണം കോവിഡല്ലെങ്കില്‍ ചൈനീസ് അധികൃതര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
ഇതുകൊണ്ട് തന്നെ യഥാര്‍ഥത്തിലുള്ള കോവിഡ് മരണനിരക്ക് അറിയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇറക്കുമതി ചെയ്യുന്ന ഫ്രോസണ്‍ ഭക്ഷണങ്ങളാണ് കോവിഡ് പടര്‍ത്തുന്നതെന്നാണ് ചൈന പ്രചരിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ മരണത്തിന് ഒമിക്രോണ്‍ വകഭേദം കാരണമാകുമെന്നതിനാലാണ് സീറോകോവിഡ് നയം കര്‍ശനമായി തുടരുന്നതെന്ന് ചൈന അവകാശപ്പെടുന്നു.






