കര്‍ണാടക മന്ത്രി ഈശ്വരപ്പക്കെതിരെ അഴിമതി ആരോപിച്ച കരാറുകാരന്‍ ജീവനൊടുക്കി

ഉഡുപ്പി- കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പക്കെതിരെ അഴിമതിയും വഞ്ചനയും ആരോപിച്ച കരാറുകാരന്‍ സന്തോഷ് പാട്ടീലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
മന്ത്രി മാത്രമാണ് തന്നെ ഈ ഗതിയിലെത്തിച്ചതെന്നും മന്ത്രിയെ ശിക്ഷിക്കണമെന്നും സുഹൃത്തുക്കളെ അറിയിച്ച ശേഷമാണ് ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായിരുന്ന പാട്ടീല്‍ ജീവനൊടുക്കിയത്.

ഏതാനും ദിവസം മുമ്പ് കാണാതായ പാട്ടീലിനെ കണ്ടെത്താന്‍ ബെലഗാവി പോലീസ് തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുമെന്ന സൂചനയുള്ളതായിരുന്നു സുഹൃത്തുക്കൾക്കയച്ചിരുന്ന സന്ദേശം.

ഈശ്വരപ്പയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ഗ്രാമത്തില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നാല് കോടി രൂപ നിക്ഷേപിച്ചതായി പാട്ടീല്‍ ഏതാനും ആഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു. മന്ത്രിക്കെതിരെ അഴിമതിയും ക്രമക്കേടുകളും അദ്ദേഹം ആരോപിച്ചു. തന്റെ ബില്ലുകള്‍ തീര്‍ത്തുനല്‍കാന്‍ ഈശ്വരപ്പയോട് നിര്‍ദ്ദേശിക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. ബില്ലുകൾ മാറിക്കിട്ടാൻ ഗ്രാമ വികസന വകുപ്പിൽ 15 കോടി രൂപ കൈക്കൂലി നൽകിയെന്ന് പാട്ടീൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് പാട്ടീലിന്റെ മരണവാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മന്ത്രി ഈശ്വരപ്പക്കെതിരെ ആരോപണം ഉന്നയിച്ച സന്തോഷ് പാട്ടീലിന്റെ മരണം കൊലപാതകമാണെന്നാണ് എല്ലാവരും കരുതുന്നതെന്നും ഈശ്വരപ്പക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.  ഐപിസി 302 ാം വകുപ്പ് പ്രകാരം മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും പാട്ടീലിന്റെ മരണത്തെക്കുറിച്ച് സമയബന്ധിതമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ശിവകുമാര്‍ പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ അഴിമതി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ് നടത്താന്‍ കഴിയാത്തതിനാല്‍ സ്വകാര്യ കമ്പനികള്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നില്ല. ഇതാണ് തൊഴിലില്ലായ്മ വര്‍ധിക്കാനുള്ള കാരണം. ബി.ജെ.പിയുടെ അഴിമതി കാരണം തൊഴില്‍ ദായകര്‍  പീഡിപ്പിക്കപ്പെടുകയാണെന്ന്  അദ്ദേഹം പറഞ്ഞു.

 

Latest News