ഗാന്ധിനഗർ- ഗുജറാത്തിലെ പോർബന്ദറിൽനിന്ന് പറന്നുയർന്ന ഇന്ത്യൻ നാവിക സേനയുടെ ഇസ്രായിൽ നിർമ്മിത ആളില്ലാ വിമാനമായ ഹെറോൺ തകർന്നു വീണു. പതിവു നീരീക്ഷണ പറക്കലിനായി പറന്നുയർന്ന് ഏറെ താമസിയാതെ ഇടിച്ചിറങ്ങി കത്തി നശിക്കുകയായിരുന്നു. ഡ്രോൺ അപകടത്തിൽ ആളപായമോ പരിക്കുകളോ ഇല്ലെന്ന് നാവിക സേന അറിയിച്ചു. യന്ത്രത്തകരാറാണ് ഡ്രോൺ തകർന്നു വീഴാൻ കാരണമെന്നാണ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് സേന പ്രത്യേക സംഘത്തെ നിയോഗിച്ചു.
2001 മുതൽ ഇന്ത്യയുടെ കര, വ്യോമ, നാവിക സേനാ വിഭാഗങ്ങൾ ഈ ഡ്രോൺ വിമാനങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ട് തന്നെ ഇപ്പോഴുണ്ടായ അപകട കാരണം കണ്ടെത്തലിന് പ്രാധാന്യമുണ്ട്. മാത്രവുമല്ല വരും വർഷങ്ങളിൽ ഇസ്രായിലിൽ നിന്നും കൂടുതൽ ഹെറോൺ ഡ്രോണുകൾ ഇന്ത്യ വാങ്ങാനിരിക്കുകയുമാണ്.
ദീർഘ നേരം വളരെ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ആളില്ലാ വിമാനമാണിത്. ഇസ്രായിൽ എയറോസ്പേസ് ഇൻഡസ്ട്രീസ് ആണ് നിർമ്മാതാക്കൾ. തുടർച്ചയായി 52 മണിക്കൂർ നേരം 35,000 അടി വരെ ഉയരത്തിൽ പറക്കാൻ ഇതിനു കഴിയും. ഇൻബിൽറ്റ് ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ പറക്കുന്ന ഈ വിമാനത്തെ മുൻകൂട്ടി പ്രോഗ്രാം ചെയ്ത പറപ്പിക്കാനും താഴെ കൺട്രോൾ സ്റ്റേഷനിലിരുന്ന് റിമോട്ട് ഉപയോഗിച്ച് പറത്താനും കഴിയും. വ്യാഴാഴ്ച തകർന്നു വീണ ഹെറോൺ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ച വിമാനമായിരുന്നു.






