ന്യൂദല്‍ഹി - പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരതയില്ലാത്ത മേഖലയില്‍ സമാധാനവും സ്ഥിരതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മിയാന്‍ മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന് അഭിനന്ദനങ്ങള്‍, മോഡി ട്വീറ്റ് ചെയ്തു. ഭീകരതയില്ലാത്ത ഒരു മേഖലയില്‍ ഇന്ത്യ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നു, അതുവഴി നമുക്ക് നമ്മുടെ വികസന വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കാനും കഴിയും.
തന്റെ മുന്‍ഗാമി ഇംറാന്‍ ഖാനെതിരെ മാര്‍ച്ച് 8ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നതു മുതല്‍ രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതി വരുത്തി പാകിസ്ഥാന്‍ പാര്‍ലമെന്റ് തിങ്കളാഴ്ച ഷഹ്ബാസ് ഷെരീഫിനെ രാജ്യത്തിന്റെ 23 ാമത് പ്രധാനമന്ത്രിയായി എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.
തന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി പ്രഖ്യാപിക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തതോടെയാണ് 70 കാരനായ ഷെഹ്ബാസ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.