മുസ്ലിംകള്‍ക്ക് നോമ്പു തുറക്കാന്‍ക്ഷേത്രം തുറന്നു നല്‍കി; ഗുജറാത്തില്‍നിന്നാണ് ഈ ഉജ്വല മാതൃക

അഹമ്മദാബാദ്- ഗുജറാത്തില്‍നിന്ന് മിക്കപ്പോഴും നല്ല വാര്‍ത്തകളല്ല പുറത്തുവരാറ്. മതസംഘര്‍ഷങ്ങള്‍ക്ക് പേരുകേട്ട നാട്ടില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് സൗഹാര്‍ദത്തിന്റെ നല്ല വാര്‍ത്തയാണ്.

ഇത് ഒരു നോമ്പുതുറയുടെ വാര്‍ത്തയാണ്. പകല്‍ മുഴുവന്‍ നോമ്പെടുക്കുന്ന മുസ്്‌ലിംകള്‍ക്ക് നോമ്പ് മുറിക്കാന്‍ തുറന്നു നല്‍കിയിരിക്കുകയാണ് 1200 വര്‍ഷം പഴക്കമുള്ള ഗുജറാത്തിലെ ഒരു ക്ഷേത്രം. ബനസ്‌കാന്തയിലെ ദാല്‍വാന ഗ്രാമത്തിലുള്ള വരന്ദ വിര്‍ മഹാരാജ് ക്ഷേത്രമാണ് മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വല മാതൃക കാണിച്ചിരിക്കുന്നത്.

ഗ്രാമത്തിലെ നൂറുകണക്കിന് മുസ്്‌ലിംകളെ നോമ്പ് തുറയില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ക്ഷേത്രത്തില്‍ ഇത്തരമൊരു ചടങ്ങ് നടക്കുന്നതെന്ന് പൂജാരിയായ പങ്കജ് താക്കര്‍ പറഞ്ഞു. നിരവധി വിനോദ സഞ്ചാരികള്‍ ചരിത്ര പ്രശസ്തമായ ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇവിടെ എത്താറുണ്ട്. സാഹോദര്യത്തിലും പരസ്പരമുള്ള സഹകരണത്തിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ക്ഷേത്ര ട്രസ്റ്റും ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് മുസ്ലിംകളെ ക്ഷണിക്കാന്‍ തീരുമാനിച്ചത്- പൂജാരി പറഞ്ഞു.

പഴവര്‍ഗങ്ങള്‍, ഈന്തപ്പഴം, സര്‍ബത്ത് എന്നിവയാണ് നോമ്പ് തുറക്കായി ഒരുക്കിയിരുന്നത്. വ്യക്തിപരമായി പള്ളിയിലെ മൗലാനാ സാഹിബിനെയും ക്ഷണിച്ചിരുന്നുവെന്നും പൂജാരി കൂട്ടിച്ചേര്‍ത്തു. ഹൈന്ദവ സഹോദരങ്ങളുടെ ഉത്സവങ്ങള്‍ മുസ്ലിംകള്‍ ഒരുമിച്ചുനിന്ന് ആഘോഷിക്കാറുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത വസീം ഖാന്‍ പറഞ്ഞു.

 

Latest News