കോഴിക്കോട് - കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ സ്വിഫ്റ്റിന് കഴിയുമോ? ഇന്നലെ ദീർഘദൂര സർവീസുകൾക്കായി സ്വിഫ്റ്റ് സർവീസുകൾ ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ഏറെ പ്രതീക്ഷയിലാണ്.
ഇത് കൂടി പരാജയപ്പെട്ടാൽ ഇനി പിടിച്ചു നിൽക്കാൻ മാനേജ്‌മെന്റിന് മുന്നിൽ മറ്റ് വഴികളൊന്നുമില്ല. ഇന്നലെ സ്വിഫ്റ്റ് സർവീസിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി തുടക്കം കുറിക്കുമ്പോൾ വളരെ പരിതാപകരമാണ് കെ.എസ്.ആർ.ടി.സിയുടെ അവസ്ഥ. ബസുകളിൽ കുറേയെണ്ണം ഡീസലടിക്കാൻ പണമില്ലാതെ കട്ടപ്പുറത്ത് കിടക്കുകയാണ്.
ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാനായിട്ടില്ല. പെൻഷനും മുടങ്ങിക്കിടക്കുന്നു. വായ്പയുടെ തിരിച്ചടവ് കൃത്യമല്ലാത്തതിനാൽ ബാങ്കിൽ നിന്ന് വായ്പയിൽ ഓവർ ഡ്രാഫ്റ്റ് കിട്ടുന്നില്ല.
കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് എങ്ങനെയെങ്കിലും കരകയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ തന്നെ സ്വിഫ്റ്റ് എന്ന കമ്പനിക്ക് കെ.എസ്.ആർ.ടി.സി രൂപം നൽകിയത്. ദീർഘദൂര റൂട്ടുകളിൽ യാത്രക്കാർക്ക് കിടന്നുറങ്ങി യാത്ര ചെയ്യാൻ പറ്റുന്ന രീതിയിലുള്ള സ്ലീപ്പർ ഉൾപ്പെടെയുള്ള ബസുകൾ നിരത്തിലിറക്കുകയാണ് കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് കമ്പനിയുടെ ഉദ്ദേശ്യം. കെ.എസ്.ആർ.ടി.സിക്ക് കീഴിലുള്ള ദീർഘദൂര സർവീസുകൾ പൂർണമായും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറും. സർക്കാർ ഉടമസ്ഥതയിൽ തന്നെ പുതിയ കമ്പനിയാണ് രൂപീകരിച്ചതെങ്കിലും കെ.എസ്.ആർ.ടി.സിയുടെ സംവിധാനങ്ങൾ പൂർണമായും ഉപയോഗിച്ചുകൊണ്ടാണ് സ്വിഫ്റ്റ് സർവീസുകൾ പ്രവർത്തിക്കുന്നത്.
പത്ത് വർഷമാകുമ്പോൾ സ്വിഫ്റ്റിന്റെ ആസ്തി മുഴുവൻ കെ.എസ്.ആർ.ടി.സിയിലേക്ക് ലയിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കെ.എസ്.ആർ.ടി.സിയിലെ നിലവിലുള്ള ജീവനക്കാരെ സ്വിഫ്റ്റ് സർവീസുകൾക്കായി ഉപയോഗിക്കുന്നില്ല. മറിച്ച് ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ജീവനക്കാരെ നിയമിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വിഫ്റ്റ് സർവീസുകൾക്കുള്ള ബസുകൾ വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ 50 കോടി രൂപ നൽകിയിരുന്നു. ഇതുപയോഗിച്ച് 116 ബസുകൾ വാങ്ങിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ തന്നെയാണ് സ്വിഫ്റ്റ് കമ്പനിയുടെയും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തെ ആനയറയിൽ സ്വിഫ്റ്റിനായി പ്രത്യേക ഡിപ്പോയും ഓഫീസും തുറന്നിട്ടുണ്ട്. ദിവസക്കൂലി അടിസ്ഥാനത്തിൽ 325 ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

ആദ്യമായാണ് കെ.എസ്.ആർ.ടി.സി സ്ലീപ്പർ ബസുകൾ പുറത്തിറക്കുന്നത്. സ്ലീപ്പർ അല്ലാത്ത മികച്ച സീറ്റിംഗ് സംവിധാനമുള്ള ബസുകളും സ്വിഫ്റ്റിന്റെ ഭാഗമായി സർവീസ് നടത്തുന്നുണ്ട്. ദീർഘദൂര റൂട്ടുകളിൽ ഇത് വലിയ വിജയമായിരിക്കുമെന്നും ഇതിലൂടെ വരുമാന വർധന ഉണ്ടാക്കി കെ.എസ്.ആർ.ടി.സിയെ പതുക്കെ സാമ്പത്തിക ഭദ്രതയിലേക്ക് കൊണ്ടുവരാനാകുമെന്നുമാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഇതും കൂടി പരാജയപ്പെട്ടാൽ പിന്നീട് നിലയില്ലാക്കയത്തിലേക്കായിരിക്കും കെ.എസ്.ആർ.ടി.സി പതിക്കുക. ഒരു പരിധിക്കപ്പുറം ഇനി കെ.എസ്.ആർ.ടി.സിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് മുൻപ് കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. കെ.എസ്.ആർ.ടി.സി സർവീസ് വഴി കൊറിയർ കമ്പനി ആരംഭിച്ചത് വമ്പൻ പരാജയമായി. കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡുകളെല്ലാം വാണിജ്യ സമുച്ചയങ്ങൾ കൂടിയാക്കി മാറ്റാനുള്ള നീക്കവും ഉദ്ദേശിച്ച ഫലം കണ്ടില്ല. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമങ്ങളിൽ സർവീസ് നടത്തുന്നതിനായി ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമങ്ങളിലെ സർവീസുകൾ ഏറ്റെടുക്കുന്നതിന് ഒരു നിശ്ചിത തുക പഞ്ചായത്ത് ഭരണസമിതികൾ കെ.എസ്.ആർ.ടി.സിക്ക് നൽകുന്നതാണ് പദ്ധതി. എന്നാൽ പഞ്ചായത്തുകൾ ഇതിൽ ഒട്ടും താൽപര്യം കാണിക്കാതായതോടെ ഇതും കട്ടപ്പുറത്തേക്ക് പോകുകയാണ്.
വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി അടുത്ത കാലത്ത് തുടങ്ങിയ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കായി ട്രിപ്പുകൾ സംഘടിപ്പിക്കുന്ന പദ്ധതി മാത്രമാണ് വിജയത്തിൽ കലാശിച്ചത്. സംസ്ഥാനത്ത് ഏതാനും ഡിപ്പോകളിൽ നിന്ന് നാമമാത്രമായ സർവീസുകൾ മാത്രമേ ഇങ്ങനെ നടത്തുന്നുള്ളൂ. അത് വലിയ വിജയമാണെങ്കിലും കുറഞ്ഞ സർവീസുകളിലൂടെ വലിയ വരുമാനം നേടാൻ കെ.എസ്.ആർ.ടി.സിക്ക് സാധ്യമല്ല.
ഏറെ പ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റ് സർവീസിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ സമരവുമായി രംഗത്തിറങ്ങുന്നുവെന്നതാണ് മാനേജ്‌മെന്റി്‌ന് മുന്നിലുള്ള വെല്ലുവിളി. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയെ പതുക്കെ ഇല്ലാതാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യമെന്ന് ജീവനക്കാർ ആരോപിക്കുന്നു. തുഛമായ ദിവസക്കൂലി നൽകി ജീവനക്കാരെ നിയമിച്ച ശേഷം അവരെ ഉപയോഗപ്പെടുത്തി കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ സർവീസുകളും നടത്തി സ്ഥിരം ജീവനക്കാരെ പിരിച്ചുവിടുന്നതിനാണ് മാനേജ്‌മെന്റ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുകയ്ക്ക് അഞ്ച് വർഷം വരെ അവധി അനുവദിക്കുന്ന രീതിയിലുള്ള പാക്കേജുകൾ കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ നടപ്പാക്കിയത് സ്ഥിരം ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതിന്റെ ഭാഗമാണെന്നും ഇവർ പറയുന്നു. മാത്രമല്ല കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഇനി സ്വിഫ്റ്റിലേക്ക് മാറും.
ഡീസൽ വില വർധന ശരിക്കും കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. പ്രതിവർഷം 2000 കോടി രൂപയുടെ നഷ്ടമാണ് ഡീസൽ വില വർധനയിലൂടെ മാത്രം ഉണ്ടാകുകയെന്നാണ് കണക്ക്, ഇതിന് പുറമെ നിത്യേനയുള്ള വരവും ചെലവും തമ്മിൽ ഒത്തുപോകുന്നില്ല.
നിലവിൽ ശരാശരി മൂന്നര കോടി രൂപയാണ് ദിനംപ്രതിയുള്ള ടിക്കറ്റ് കലക്ഷൻ. ഇതിന്റെ എൺപത് ശതമാനത്തിലേറെയും ഡീസലിന് നൽകണം. ബസുകളുടെ അറ്റകുറ്റപ്പണികൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയെല്ലാം കൂടുമ്പോൾ ഓരോ മാസവും വലിയ സാമ്പത്തിക നഷ്ടമാണ് കെ.എസ്.ആർ.ടി.സി നേരിടുന്നത്. പ്രതിമാസം 90 കോടിയോളം രൂപയാണ് ശമ്പള ഇനത്തിൽ നൽകേണ്ടത്. കഴിഞ്ഞ വർഷം 1976 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ വാർഷിക നഷ്ടം. ഓരോ വർഷവും ശരാശരി രണ്ടായിരം കോടി രൂപക്കയ്ക്കടുത്ത് നഷ്ടം വരുത്തിവെക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനായി 1822 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് നൽകിയത്.
ആറായിരത്തിലേറെ ബസുകൾ കെ.എസ്.ആർ.ടി.സിക്കുണ്ടായിരുന്നെങ്കിലും നിലവിൽ ഇതിന്റെ പകുതിയിൽ താഴേക്ക് സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് സർവീസുകൾ കുറച്ചതിനാൽ 1336 ബസുകൾ കട്ടപ്പുറത്തിരുന്നു നശിച്ചു. ഇതിൽ 856 എണ്ണം സ്‌ക്രാപ്പ് പരുവത്തിലായിരിക്കുകയാണ്.
കെ.എസ്.ആർ.ടി.സി പ്രതിസന്ധി ഇനിയും തുടർന്നു പോയാൽ ഉദ്യോഗസ്ഥരെ നില നിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്നും ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നും മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനി വരുന്ന മാസങ്ങളിൽ ജീവനക്കാർക്ക് കൃത്യമായ രീതിയിൽ ശമ്പളം നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഈ നിലയിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. വരുന്ന മാസങ്ങളിൽ പെൻഷൻ, ശമ്പള വിതരണം എന്നിവ മുടങ്ങിയേക്കുമെന്നും പ്രതിസന്ധി തീർത്തും മോശമാകുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറയുന്നു.






