മുഖ്യ ഭാരവാഹികളിൽ മാറ്റമില്ല; ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയായി

ജിദ്ദ- ഒരു വർഷത്തോളമായി നടക്കുന്ന മാരത്തോൺ ചർച്ചകൾക്കും ഒരു വേള സംഘർഷത്തിൽവരെ എത്തിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കുമെല്ലാമൊടുവിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനമായി. നിലവിലെ കമ്മിറ്റിയിലെ പ്രധാന ഭാരവാഹികളിൽ കാര്യമായ മാറ്റം ഇല്ലാതെയാണ് പുതിയ കമ്മിറ്റിയെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച ത്. 18 അംഗ സമിതിയിൽ 12 പേർ പുതമുഖങ്ങളാണെങ്കിലും പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ട്രഷറർ അൻവർ ചേരങ്കൈ എന്നിവർക്കു മാറ്റമില്ല. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ പഴേരി കുഞ്ഞിമുഹമ്മദിന് പകരം ഉപദേശക സമിതി ചെയർമാനായി നിസാം മമ്പാടിനെ ഉൾപ്പെടുത്തിയതാണ് മുഖ്യ സ്ഥാനങ്ങളിലെ ഏക മാറ്റം. 
വൈസ് പ്രസിഡന്റുമാരായി വി.പി. മുസ്തഫ, വി.പി. അബ്ദുറഹിമാൻ, സി.കെ.എ. റസാഖ് മാസ്റ്റർ, എ.കെ ബാവ, ഇസ്മയിൽ മുണ്ടക്കുളം, അബ്ദുള്ള പാലേരി, പി.സി.എ. റഹ്മാൻ (ഇണ്ണി) എന്നിവരെയും സെക്രട്ടറിമാരായി ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂർ, നാസർ മച്ചിങ്ങൽ, സി.സി. കരീം, അസീസ് കോട്ടോപാടം എന്നിവരെയും തെരഞ്ഞെടുത്തു. 
കെ.എം.സി.സിയുടെ ചരിത്രത്തിലാദ്യമായി ഏകീകൃത മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ സൗദി അറേബ്യ ഒട്ടാകെ സമാധാനപരമായി നടത്തിയ സംഘടനാ തെരഞ്ഞെടുപ്പിനൊടുവിലാണ് ജിദ്ദ സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. എന്നാൽ മാറ്റത്തിനായുള്ള മുറവിളിയുടെ പേരിൽ സമവായ ചർച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മെയിൽ തെരഞ്ഞെടുപ്പിലേക്ക് പോയെങ്കിലും അതു പൂർത്തിയാകാതെ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് മൂന്നംഗ സമിതിയെ ചർച്ചകൾക്കായി നിയോഗിക്കുകയും അവരുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മാസങ്ങൾക്കു ശേഷം സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ മെയിൽ തെരഞ്ഞെടുപ്പ് വേളയിൽ നിർദേശിക്കപ്പെട്ട ചിലരുടെ പേരുകൾ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെങ്കിലും അധികപേരും അന്നു നിർദേശിക്കപ്പെട്ടവർ തന്നെയാണ്. ഗ്രൂപ്പില്ലെന്ന് പറയുന്നുണ്ടെങ്കിലും രണ്ടുചേരികളിയാലുള്ളവരുടെ വീതംവെപ്പാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. വയനാട്, തൃശൂർ തുടങ്ങിയ ശക്തമായ ജില്ലാ കമ്മിറ്റികളുള്ള ജില്ലകൾക്ക് കമ്മിറ്റിയിൽ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾക്ക് ആകെ ഒരു പ്രതിനിധിയെ മാത്രമാണ് ലഭിച്ചത്. പഴയ കമ്മിറ്റിയിലെ ഭാരവാഹികളിൽ പഴേരിക്കു പുറമെ സഹൽ തങ്ങൾ, പി.എം.എ ജലീൽ, ഇ.പി ഉബൈദുല്ല എന്നിവർ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി. പഴയ കമ്മിറ്റിയിൽ ഇവിടെ അവശേഷിക്കുന്ന മറ്റുള്ളവർ നാഷണൽ കമ്മിറ്റിയിൽ ഇടം കണ്ടെത്തുന്നതിന് മാറി നിൽക്കുന്നതാണെന്നാണ് സൂചന. എന്തായാലും അസംതൃപ്തരെ കൂടി ഉൾപ്പെടുത്തേണ്ടി വന്നാൽ സെൻട്രൽ കമ്മിറ്റി ഇനിയും വികസിക്കാനിടയുണ്ട്. 
25000 ആക്ടീവ് അംഗങ്ങളും ഒരു ലക്ഷത്തോളം അനുഭാവികളുമുള്ള ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ 73 ഏരിയാ കമ്മിറ്റികളും 14 ജില്ലാ കമ്മിറ്റികളും നൂറോളം മണ്ഡലം കമ്മിറ്റികളും 300 പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. സി എച്ച് സെന്റർ, ബൈത്തുറഹ്മ തുടങ്ങി കേരളത്തിൽ പാവപെട്ടവർക്ക് ആശ്രയമായി മുസ്‌ലിം ലീഗ് നടപ്പാക്കുന്ന വൻകിട പദ്ധതികൾക്ക് ജിദ്ദ കെ.എം.സി.സി വലിയ പിന്തുണയാണ് നൽകി വരുന്നത്.


 

Latest News