Sorry, you need to enable JavaScript to visit this website.

ഇ.എം.എസ്-എ.കെ.ജി  ഓർമകളുടെ സമകാലിക പ്രസക്തി

ഇ.എം.എസും എ. കെ.ജിയും. (ഫയൽ) 

ഇ.എം.എസ് വിട പറഞ്ഞിട്ട് ഇക്കഴിഞ്ഞ 19 നു 20 വർഷവും എ.കെ.ജി അന്തരിച്ചിട്ട് ഇന്നേക്ക് 41 വർഷവും പൂർത്തിയായി. കേരളത്തിൽ അധ്വാനിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ വർഗ-  ബഹുജന സംഘടനകൾ കെട്ടിപ്പടുക്കുന്നതിലും അവയിലൂടെ പിന്നോക്ക ദുർബല ജനവിഭാഗങ്ങൾക്ക് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സാധാരണ മനുഷ്യരെപോലെ ജീവിക്കാവുന്ന സ്ഥിതിയും സൃഷ്ടിക്കുന്നതിലും പി. കൃഷ്ണ പിള്ളയോടൊപ്പം അവർ ചെയ്ത സംഭാവനകളാണ് ചരിത്രം സൃഷ്ടിച്ച കേരളത്തിലെ മാറ്റങ്ങൾക്കടിസ്ഥാനം. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരമുഖത്തേക്ക് കടന്ന് വന്ന നേതൃനിരയുടെ ഭാഗമായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാക്കളായ ഇ.എം.എസ്സും എ. കെ.ജിയും. 
ബ്രിട്ടീഷുകാർ ഇന്ത്യവിട്ടാൽ മാത്രംപോരാ, ഫ്യൂഡൽ ചൂഷണങ്ങളും ജാതിമേധാവിത്വ സാമൂഹ്യക്രമവും തകർക്കപ്പെടേണ്ടതുണ്ടെന്ന് അവർ മനസ്സിലാക്കി. അതിലൂടെയാണ് കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഉദയവും തുടർന്ന് അത് കമ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള പരിവർത്തനവുമുണ്ടായത്. കമ്യൂണിസ്റ്റ് പാർട്ടി രഹസ്യമായി സംഘടിപ്പിച്ചപ്പോൾ പി. കൃഷ്ണപിള്ള സെക്രട്ടറിയായ ഘടകത്തിലെ ആദ്യത്തെ നാല് അംഗങ്ങളിൽ ഒരാൾ ഇ. എം. എസ് ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ വിവിധ തലങ്ങളിൽ അദ്ദേഹം ചുമതല  നിർവഹിച്ചു. സി പി എമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. മാർക്സിസത്തെ പ്രയോഗവൽക്കരിക്കുന്നതിൽ ഇ എം എസിന്റെ സംഭാവന അതുല്യമാണ്.
വേദനിക്കുന്നവന്റെ കണ്ണീരൊപ്പാൻ എവിടെയും ഓടിയെത്തിയ പാവങ്ങളുടെ പടത്തലവൻ  എന്നറിയപ്പെട്ട മാതൃകാ കമ്യൂണിസ്റ്റായിരുന്നു എകെജി. സി പി എം പോളിറ്റ് ബ്യൂറോ അംഗമായിരുന്ന എകെജി 1952 മുതൽ പാർലമെന്റിൽ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി. കിസാൻസഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യയിലെ കാർഷിക മേഖലയിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ ചാലകശക്തിയായ കമ്യൂണിസ്റ്റ് നേതാക്കളുടെ വിടവ്  സൃഷ്ടിച്ച ശൂന്യതയിൽ ഇന്ന് പക്ഷെ കേരളം വിലപിക്കുകയാണ്. ലോകത്തിന്റെയും ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരികചലനങ്ങൾ കൃത്യമായി നിർണയിച്ച ഇ എം എസിന്റെ വിയോഗം സി.പി.എം എന്ന പാർട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത് സുശക്തമായ നേതൃനിരയുടെ അഭാവമാണ്.  മാർക്‌സിയൻ കാഴ്ചപ്പാടോടെയുള്ള നയ രൂപീകരണത്തിനോ ശരിയായ വിശകലനത്തിനോ കഴിയാതെ മണ്ടത്തരങ്ങളുടെ ലോകത്തേക്ക് പ്രഖ്യാപിത നേതാക്കൾ ചാടിവീഴുന്ന ദൈന്യമായ കാഴ്ചയാണ് ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നത്. 
1940 ഒക്ടോബർ 29 ചെറുമാവിലയിലെ  ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലായിരുന്നു  ഇ.എം.എസ്സിന്റെ ഒളിവ് ജീവിതം. ഏതാണ്ട് ഒന്നര വർഷക്കാലം അവിടെ താമസിച്ചു. ജോലിയുടെയും ജയിലിന്റെയും ഇടയിലെ ജീവിത പോരാട്ടത്തിൽ പൊക്കന്റെ മാസവരുമാനം  വെറും ഏഴുരൂപ  മാത്രമായിരുന്നു. എന്നാൽ  ഇ.എം.എസിനെ പിടിച്ചുകൊടുത്താൽ പാരിതോഷികമായി 1000 രൂപയാണ് ബ്രിട്ടീഷ് ഗവൺമെന്റ് വാഗ്ദാനം ചെയ്തിരുന്നത്. എന്നിട്ടും കണ്ണിലെ കൃഷ്ണമണി പോലെയാണ് ഇ.എം.എസ്സിനെ പൊക്കനും കുടുംബവും പോലീസിൽ നിന്നും ഒറ്റുകാരിൽ നിന്നും സംരക്ഷിച്ചിരുന്നത്. ഈ പാർട്ടി - പാർട്ടിക്ക് ജീവനായ ഇ.എം.എസ്സിന്റേത് മാത്രമല്ല. ആ ജീവനുകളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സംരക്ഷിച്ച പൊക്കന്മാരുടേത് കൂടിയാണ്.. ഇതിനു സമാനം തന്നെയാണ് എ.കെ.ജിയും പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹവും സഹപ്രവർത്തകരും സഹിച്ച യാതനകൾ വിവരണാതീതമാണ്. 
പാവപ്പെട്ടവരെ നിവർന്നു നിൽക്കാനും അവരുടെ തലചായ്ക്കാൻ ഇടം നേടുന്നതിനും ഈ നേതാക്കളുടെ ത്യാഗോജ്വലമായ പ്രവർത്തന പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഇന്നലെപ്പെയ്ത മഴയ്ക്ക് ഇന്ന് മുളച്ച തകരകൾ പോലെയുള്ള നേതാക്കൾക്ക് പ്രസ്ഥാനത്തെ പ്രതിരോധിക്കുന്നതിന് പോലും സാധിക്കുന്നില്ല. നിർണായക തീരുമാനങ്ങളിൽ അവരുടെ കാലിടറിയത് നാം കണ്ടതാണ്. ചരിത്രമറിയാത്ത, കേട്ടറിവില്ലാത്ത യുവനേതാക്കളുടെ പിച്ചും പേയും അവജ്ഞയോടെയാണ് കേരളം തള്ളിയത്. 
കമ്യൂണിസ്റ്റ് പാർട്ടി  അധികാരത്തിൽ വന്നത് ഭരണത്തിൽ വന്ന ഒരു മാറ്റം മാത്രമായിരുന്നില്ല. നിലവിലുള്ള സംവിധാനങ്ങളിൽ നിന്നും അഴിമതിയിൽ നിന്നും നാറുന്ന പെൺകഥകളിൽ നിന്നും സംസ്ഥാനത്തെ രക്ഷപ്പെടുത്താനുള്ള  ഉൽകൃഷ്ടമായ ജനാഭിലാഷത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. ഈ സർക്കാരിന്റെ സൂക്ഷ്മ സ്വഭാവം എന്തായിരിക്കും എന്ന് ചിന്തിക്കുന്നതിനു സമയം നൽകാതെ മുന്നിലുള്ള മുദ്രാവാക്യം കേരള ജനത ഏറ്റെടുത്തു. എൽ.ഡി.എഫ് വരും എല്ലാം ശരിയാകും. 
എന്നാൽ വന്ന സർക്കാർ കേവലം ഒരു ഇവന്റ് മാനേജ്‌മെന്റ് സൃഷ്ടിയാവുകയായിരുന്നു. മറ്റൊരു ഉപദേശകന്റെ എത്ര നല്ല നടക്കാത്ത സ്വപ്‌നം. 
കേരളത്തിന്റെ സമൂഹ്യവബോധത്തിൽ ഗുണാത്മകരമായ വ്യതിയാനം സൃഷ്ടിച്ച രാഷ്ട്രീയ സംഭവമായി യു.ഡി.എഫ് തുടച്ചുമാറ്റപ്പെട്ടു. സാമൂഹ്യ ബന്ധങ്ങളോട് വിപ്ലവാത്മക സമീപനമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണല്ലോ അധികാരത്തിൽ കേറിയത് എന്ന ധാരണയെയാണ് നിമിഷങ്ങൾ കൊണ്ട് തച്ചുടച്ചത്. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ അപഗ്രഥിച്ചു കൊണ്ടാകണമല്ലോ. അവയിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന മാറ്റവും  ഇടർച്ചയും തുടർച്ചയും കണക്കിലെടുത്ത് നിഗമനങ്ങളിൽ എത്തുന്നതാണ് കമ്യൂണിസ്റ്റ് രീതിയുടെ കാഴ്ചപ്പാടും മേന്മയും.  ഇതിനു വിരുദ്ധമായ നിലപാടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കു ചുറ്റും വലയം ചെയ്ത  ഉപദേശരെന്ന നാമകരണത്തിൽ സൃഷ്ടിച്ചെടുത്ത ഉപജാപക സംഘത്തെ കൊണ്ട് ചെയ്യിക്കുന്നത്. ഇവിടെയാണ്  ഇ.എം.എസ്സിന്റെയും എ.കെ.ജിയുടെയും പ്രസക്തി വർധിക്കുനത്. കമ്യൂണിസ്റ്റുകാർക്ക് ഉപദേശം നൽകേണ്ടത് ആരാണ് ? വ്യക്തമായ ഒരു പ്രത്യയശാസ്ത്രവും അന്യന്റെ ദുഃഖം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു മനസ്സുമുണ്ടെങ്കിൽ അത് കൊണ്ട് നടക്കുന്ന സഖാക്കൾക്ക്  ഉപദേശകർ വേറെ വേണോ? ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സമൂഹത്തെ പരിവർത്തിപ്പിക്കാൻ പോന്ന ആശയമായിട്ടാണ് കമ്യൂണിസം പടർന്നത്. എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയിലാണ് അന്ന് സംസാരിച്ചത്. വിശപ്പ് എന്ന ഭാഷയിൽ. 
യുവ ഗാന്ധിയന്മാരും സാമൂഹ്യ പ്രവർത്തകരും വടക്കൻ മലബാറിലെ കുടിയാന്മാരെ സംഘടിപ്പിച്ചു. താഴെക്കിടയിലുള്ളവരും അധ്വാനിക്കുന്നവരും കൃഷിക്കാരും സംഘടിച്ച് പോലീസിനെയും പട്ടാളത്തെയും നേരിട്ടു. ജീവിക്കാൻ ഭക്ഷണം അതിനൽപം ഭൂമി,  ആവശ്യം ചെറുതെങ്കിലും ന്യായമായിരുന്നു. ഇതെല്ലം കിട്ടി തുടങ്ങിയപ്പോഴേക്കും ആഗോളവൽക്കരണവും ഉദാരവൽക്കരണവും സമൂഹത്തെ വരിഞ്ഞു മുറുക്കാൻ തുടങ്ങി. നാടും നഗരവും വികസിപ്പിക്കാൻ കുടിയിറക്കലുകളും തുടങ്ങിക്കഴിഞ്ഞു. ഇന്നും ഭൂമിക്കുള്ള സമരങ്ങൾ നടന്നു വരുന്നു. കീഴാറ്റൂരിലെ വയൽക്കിളി സമരം. അതാവട്ടെ കമ്യൂണിസ്റ്റ് സർക്കാരിനെതിരെയും കൂടിയാണ്. സമരം നയിക്കുന്നവർ എന്നതിൽ നിന്ന് അത് നേരിടുന്നവർ എന്നതിലേക്ക് മാറി കമ്യൂണിസ്റ്റുകാർ. 
ജീർണത വന്നത് ഭരണകക്ഷിയായത് കൊണ്ട് എന്നത് ശരിയല്ലെങ്കിലും ഭരണകക്ഷി ആയിക്കൊണ്ടാണ് 57 ൽ ഭൂപരിഷ്‌കരണം വന്നത്. യഥാർത്ഥ  ജനങ്ങളെയും ചൂഷകരെയും തമ്മിൽ തിരിച്ചറിയാനാവാത്തത് പോലെ. ജനങ്ങൾക്ക് വേണ്ടി എന്നത് മറന്നു സ്വന്തമായി എന്നായപ്പോൾ സമീപനത്തിൽ ഫാസിസ്റ്റ് നിഴലാട്ടം കണ്ടു. മുതലാളിത്തത്തിന്റെ എത്തി നോട്ടവും. മറുവശത്ത് അതിരില്ലാത്ത മുതലാളിത്ത സാമ്രാജ്യത്വ, വർഗീയ ഭീകരവാദ പാതയിൽ രാജ്യത്തെ നയിക്കുന്നവർ തിമിർത്താടുന്നു. 
കമ്യൂണിസം അവസാന വാക്കല്ല അത് അന്യൂനവുമല്ല, അതൊരു സ്വപ്‌നമായിരിക്കാം. പക്ഷെ ഇത് മനുഷ്യ നന്മയ്ക്ക് വേണ്ടിയാകണമെങ്കിൽ ഈ സ്വപ്‌നം നമുക്ക് അനിവാര്യമല്ലേ? ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന് ക്ഷീണമുണ്ടായി എന്നത് എത്ര ശരിയാണോ അത്ര തന്നെ ശരിയാണ് ആ ക്ഷീണം ഇന്ത്യയിൽ സാമൂഹിക നീതിയെ ബഹുദൂരം പിറകോട്ട് നടത്തുമെന്നതും.  ഇടതുപക്ഷ പ്രസ്ഥാനം ദുർബലമാകുന്ന അതേ തോതിൽ ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യവും ക്ഷേമവും ക്ഷയിക്കുമെന്നതും നാം തിരിച്ചറിയാതെ പോകരുത്. 
 

Latest News