അമേരിക്കൻ സാങ്കേതിക കുത്തക
കമ്പനികളെ ലക്ഷ്യമിട്ടാണ് പുതിയ
നികുതി നിർദേശം
ഫെയ്‌സ്ബുക്കിനേയും ഗൂഗിളിനേയും ലക്ഷ്യമിട്ട് ഡിജിറ്റൽ ടാക്‌സ് നീക്കവുമായി യൂറോപ്യൻ യൂനിയൻ. അമേരിക്കൻ സാങ്കേതിക ഭീമന്മാർക്കെതിരായ നീക്കം ഫെയ്‌സ്ബുക്കിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അഞ്ച് കോടി ഉപയോക്താക്കളുടെ ഡാറ്റ ദുരുപയോഗപ്പെടുത്തി ലോകത്തെ ഞെട്ടിച്ച ഫെയ്‌സ്ബുക്കിന് ഇത് കനത്ത തിരിച്ചടിയാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
യൂറോപ്യൻ യൂനിയനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപു തമ്മിൽ ആരംഭിച്ച വ്യാപാര തർക്കത്തിന്റെ ഭാഗം കൂടിയാണ് സലിക്കൺവാലി ഭീമന്മരെ പ്രധാനമായും നോട്ടമിട്ടുകൊണ്ട് 28 അംഗ യൂറോപ്യൻ യൂനിയൻ ഏർപ്പെടുത്തുന്ന ഡിജിറ്റൽ ടാക്‌സ്.
കുറഞ്ഞ തോതിലുള്ള നികുതി മാത്രം നൽകി യു.എസ് ബഹുരാഷ്ട്ര കുത്തകകൾ കടത്തിക്കൊണ്ടുപോയ ശതകോടിക്കണക്കിനു യൂറോ തിരിച്ചുപിടിക്കാൻ ഇതുവഴി സാധിക്കുമെന്നും യൂറോപ്യൻ യൂനിയൻ കരുതുന്നു.
അമേരിക്കൻ കമ്പനികൾക്ക് കനത്ത തിരിച്ചടിയാകുന്ന ഈ പുതിയ നികുതി നിർദേശത്തിനു പിന്നിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണായിരുന്നു.
ആപ്പിളും ഗൂഗിളും ആമസോണും വിശ്വാസ വഞ്ചന കാണിച്ചുവെന്ന കേസുകളിൽ യൂറോപ്യൻ യൂനിയൻ കൈക്കൊണ്ട കടുത്ത നടപടികൾക്കു പിന്നാലെയാണ് ടെക് ടാക്‌സ് എന്ന നിർദേശം പരിഗണിക്കുന്നത്. ഇതിനുമുമ്പ് ഇങ്ങനെയൊരു ഡിജിറ്റൽ ടാക്‌സ് പരിഗണിക്കപ്പെട്ടിട്ടില്ല. വിൽപനക്ക് ഏർപ്പെടുത്തുന്ന മൂന്ന് ശതമാനം നികുതി ഡിജിറ്റൽ പരസ്യം, വ്യക്തിവിവരങ്ങളുടെ വിൽപന, പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ എന്നിവയിൽനിന്നുള്ള വരുമാനത്തേയാണ് പ്രധാനമായും ബാധിക്കുക.
സാങ്കേതിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഡാറ്റ സ്വകാര്യത സംബന്ധിച്ച ചട്ടങ്ങളും യൂറോപ്യൻ യൂനിയൻ കൂടുതൽ കർക്കശമാക്കുകയാണ്. ഡോണൾഡ് ട്രംപിന്റെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പിന്നിൽ പ്രവർത്തിച്ച ഒരു സ്ഥാപനം അഞ്ച് കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ പ്രയോജനപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനുശേഷമാണ് ഇതിനായുള്ള നടപടികൾ ആരംഭിച്ചത്. ആഗോളവ്യാപകമായി 750 ദശലക്ഷം യൂറോ (924 ദശലക്ഷം ഡോളർ) വാർഷിക വിറ്റുവരവുള്ള കമ്പനികളാണ് യൂറോപ്യൻ യൂനിയന്റെ പുതിയ നികുതി നിർദേശം പ്രധാനമായും ലക്ഷ്യമിടുന്നത്. ഫെയ്‌സ്ബുക്കിനും ഗൂഗിളിനു പുറമെ ട്വിറ്റർ, എയർബിഎൻബി, ഊബർ എന്നീ കമ്പനികളും ഈ പരിധിയിൽ വരും. ഈ കമ്പനികളുമായി മത്സരിക്കാൻ പാടുപെടുന്ന യൂറോപ്യൻ സ്റ്റാർട്ടപ്പുകളെ നികുതിയിൽനിന്ന് ഒഴിവാക്കുന്നതാണ് ഈ പരിധി. വരിക്കാരിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന നെറ്റഫഌക്‌സ് പോലുള്ള സ്ഥാപനങ്ങളും ഒഴിവാക്കപ്പെടും.
നികുതി വെട്ടിക്കുന്നതിന് സാങ്കേതിക കുത്തക കമ്പനികൾ സ്വീകരിച്ച നടപടികൾ യൂറോപ്യൻ യൂനിയൻ സർക്കാരുകൾക്ക് കോടിക്കണക്കിനു യൂറോയുടെ വരുമാന നഷ്ടമാണുണ്ടാക്കിയത്.
യൂറോപ്പിലെ വരുമാനം കണക്കുകൂട്ടാൻ യൂനിയനിലെ ഏത് അംഗരാജ്യത്തേയും തെരഞ്ഞെടുക്കാമെന്ന ഇ.യു നിയമങ്ങളിലെ പഴുത് ഉപയോഗിച്ചാണ് ഗൂഗിളും ഫെയ്‌സ്ബുക്കും മറ്റും നികുതിവെട്ടിപ്പ് നടത്തിയിരുന്നത്. കുറഞ്ഞ നിരക്കിലുള്ള നികുതി നിലവിലുള്ള അയർലൻഡ്, നെതർലാൻഡ്‌സ്, ലക്‌സംബർഗ് തുടങ്ങിയ രാജ്യങ്ങൾ തെരഞ്ഞെടുത്തുകൊണ്ടാണ് കമ്പനികൾക്ക് ഇതു സാധിച്ചത്. യൂറോപ്യൻ യൂനിയനിൽ മുഴുവൻ പ്രവർത്തനമുണ്ടെങ്കിലും ആമസോണിന്റെ ആസ്ഥാനം ലക്‌സംബർഗിലാണ്. ഇവിടെയാകട്ടെ നികുതി നാമമാത്രമാണ്. പരമ്പരാഗ വ്യവസായ സ്ഥാപനങ്ങൾ 23.3 ശതമാനം വരെ നികുതി നൽകുമ്പോൾ ഡിജിറ്റൽ ബിസിനസ് സ്ഥാപനങ്ങൾ ശരാശരി 9.5 ശതമാനം മാത്രമാണ് ടാക്‌സ് ഇനത്തിൽ നൽകുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ കണക്കാക്കുന്നു.
ആഗോളതലത്തിൽതന്നെ ഒരു വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന് കരുതാവുന്ന തരത്തിലുള്ള നടപടികളാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈയടുത്തായി കൈക്കൊള്ളുന്നത്. സ്റ്റീലിനും അലുമിനിയത്തിനുമുള്ള തീരുവ പത്ത് ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്തിയ ട്രംപിന്റെ നടപടി യൂറോപ്പിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. തീരുവ വർധനയിൽനിന്ന് യൂറോപ്യൻ യൂനിയനെ ഒഴിവാക്കണമെന്ന അഭ്യർഥന ട്രംപ് ചെവിക്കൊണ്ടിരുന്നില്ല.