ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനേയും മുന്‍ മന്ത്രിമാരേയും നാടുവിടാന്‍ അനുവദിക്കരുതെന്നും ഇവരുടെ പേരുകള്‍ എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ (ഇ.സി.എല്‍) ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന ഹരജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. അമേരിക്കയുടെ ഭീഷണി കത്ത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് അത്താര്‍ മിനല്ല ഹരജിക്കാരനായ മൗലവി ഇഖ്ബാല്‍ ഹൈദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം നല്‍കിയപ്പോള്‍ ആദ്യം നിശ്ശബ്ദത പാലിച്ച ഇംറാന്‍ പിന്നീട് ഭീഷണി കത്ത് കാണിച്ച് തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറയുകയായിരുന്നുവെന്ന് ഹരജിയില്‍ പറഞ്ഞു. ദക്ഷിണ,മധ്യേഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലുവിന്റേതായിരുന്നു ഭീഷണി സന്ദേശം.
അമേരിക്കന്‍ അധികൃതര്‍ ഇങ്ങനെയൊരു ഭീഷണി കത്ത് ഇല്ലെന്ന് വിശദീകരിച്ച സാഹചര്യത്തില്‍ നയതന്ത്ര കേബിളിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. അതൊക്കെ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണെന്നും എന്തിനാണ് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചാണ് ചീഫ് ജസ്റ്റിസ് ഹരജിക്കാരന് പിഴ വിധിച്ചത്.