മതേതര ബദല്‍ സാധ്യമാക്കും, ഹിന്ദുത്വ അജണ്ട മറികടക്കും-യെച്ചൂരി

കണ്ണൂര്‍- ഹിന്ദുത്വ അജണ്ട മറികടക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്നും രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ ബദല്‍ സാധ്യമാക്കാനുള്ള ശ്രമം തുടരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളിലേക്കിറങ്ങിച്ചെന്ന്   പാര്‍ട്ടി പ്രവര്‍ത്തനം  വിപുലമാക്കും. ആദ്യപടിയായി ഈ സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ഉടനെ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍  മതപരമായും ജാതീയമായും ധ്രുവീകരണം നടത്താനാണ് ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നത്.   അവിടങ്ങളില്‍ ഉയര്‍ന്ന് വരുന്ന സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങളെ  അടിച്ചമര്‍ത്തുകയാണ്. ആ വിഷയങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നും അതിനായി അടിത്തറമുതല്‍  പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണത്തിനെതിരെ രാഷ്ട്രീയമായും ആശയപരമായും സാംസ്‌കാരികപരമായും ഇടപെടലുകള്‍ വേണ്ടിവരും. വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല വര്‍ഗീയത വേഗത്തില്‍  പിടിമുറുക്കുന്ന അസം പോലെയുള്ള  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇടപെടല്‍ ശക്തമാക്കും.

കര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്ന കര്‍ഷകസമരത്തില്‍ ശക്തമായ ഇടപെടലിന് സാധിച്ച കാര്യം യെച്ചൂരി അനുസ്മരിച്ചു. ദല്‍ഹിയില്‍ നടന്ന സമരങ്ങള്‍ക്ക് മുന്നോടിയായി നാസികില്‍നിന്ന് മുംബേയിലേക്ക് സംഘടിപ്പിച്ച ലോങ്മാര്‍ച്ച് വന്‍ വിജയമായിരുന്നു. കര്‍ഷക സംഘടനകളുടെ ഏകോപനം സാധ്യമാക്കിയ വലിയ പോരാട്ടമായിരുന്ന ആ ലോങ് മാര്‍ച്ചെന്നും അദ്ദേഹം പറഞ്ഞു.

 

Latest News