ചര്‍ച്ചിനു പിന്നാലെ ക്ഷേത്രത്തിലും വന്‍ കവര്‍ച്ച, വിഗ്രഹവും വിളക്കുകളും കവര്‍ന്നു

തിരുവനന്തപുരം- കാരക്കോണം ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശ്രീകോവിലും ഓഫീസും കുത്തിതുറന്നായിരുന്നു മോഷണം. ശിവേലി വിഗ്രഹം ഉള്‍പ്പെടെ മോഷ്ടാവ് കൊണ്ടുപോയി. ക്ഷേത്രത്തിലെ സുരക്ഷാ ക്യാമറകള്‍ അടിച്ചു തകര്‍ത്ത ശേഷമാണ് ശ്രീകോവിലിനുളളില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം കവര്‍ന്നത്.
ഓഫീസില്‍ നിന്നു വെള്ളിവിളക്ക് ഉള്‍പ്പെടെ വിളക്കുകളും കവര്‍ന്നു. ഏകദേശം രണ്ടര ലക്ഷം രൂപയോളം വിലവരുന്ന വിഗ്രഹവും വിളക്കുകളുമാണ് നഷ്ടപ്പെട്ടത്. ഈ മാസം 26 ന് ഉത്സവം നടക്കാനിരിക്കെ  ഒരുക്കങ്ങള്‍ നടന്നുവരവെയാണ് ശീവേലി വിഗ്രഹം ഉള്‍പ്പടെ കവര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം വെള്ളറട കിളിയൂര്‍ ഉണ്ണിമിശിഹാ പള്ളിയിലും  കവര്‍ച്ച നടന്നിരുന്നു. പള്ളിപ്പണിക്കായി സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയാണ് വെള്ളറടയില്‍ നിന്ന് കവര്‍ന്നത്. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇതേ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം. രണ്ട് കേസുകളിലും വെള്ളറട സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന് പോലീസ് പറഞ്ഞു.

 

Latest News