ന്യൂദല്‍ഹി- ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൗരന്റെ ആധാര്‍ വിവരങ്ങള്‍ കൈമാറുമെന്ന് ആധാര്‍ അതോറിറ്റിയായ യുഐഡിഎഐ സുപ്രീംകോടതിയെ അറിയിച്ചു. പൗരന്റെ അനുമതിയില്ലാതെ വിവരങ്ങള്‍ ശേഖരിക്കില്ലെന്നും ജാതി, മതം എന്നീ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ അറിയിച്ചു.
ആധാര്‍ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടത്തിയ പവര്‍ പോയന്റ് അവതരണത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യുഐഡിഎഐക്കു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബെഞ്ച് അനുമതി നല്‍കി. പവര്‍പോയിന്റ് അവതരണത്തിന് തയാറാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
സ്വകാര്യതയുടെ പേരു പറഞ്ഞു രാജ്യത്തെ മുപ്പതു കോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുളള മൗലികാവകാശം ലംഘിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ആധാര്‍കാര്‍ഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജികളില്‍ വാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.