കോയമ്പത്തൂര്‍- അമ്മയെ പരിചരിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. ശിരുമുഗ തിരുവള്ളുവര്‍ നഗര്‍ സ്വദേശി വി. സന്താനമാണ് (55) അനുജന്‍ വി. പാണ്ടിയെ(53) കത്രിക കൊണ്ട് കുത്തിക്കൊന്നത്. ശനിയാഴ്ച രാത്രി ശിരുമുഗയിലെ വീട്ടില്‍വെച്ചായിരുന്നു സംഭവം. സന്താനത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ലോറി ഡ്രൈവറായ സന്താനം കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസം. കൊല്ലപ്പെട്ട പാണ്ടി ശിരുമുഗയില്‍ തയ്യല്‍ക്കാരനാണ്. ഇവരുടെ അമ്മ വിജയ പാണ്ടിയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം സന്താനം ശിരുമുഗയിലെ വീട്ടിലെത്തി. തുടര്‍ന്ന് സഹോദരനൊപ്പം മദ്യപിച്ചു. ഇതിനുപിന്നാലെയാണ് അമ്മയെ പരിചരിക്കുന്നതിനെച്ചൊല്ലി സഹോദരങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായത്. തര്‍ക്കത്തിനിടെ പാണ്ടിയുടെ കൈയിലുണ്ടായിരുന്ന കത്രിക പിടിച്ചുവാങ്ങിയ സന്താനം, അനുജനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പാണ്ടിയെ അയല്‍ക്കാരനാണ് ശിരുമുഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






